കാണാൻ മനസ്സില്ലെന്ന്; കെ.എസ്.യു കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കെ.എസ്‌.യു കൂടിക്കാഴ്ചക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. കൂടിക്കാഴ്ചക്കായി ഇന്നലെ കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. കെ.എസ്.യു നേതാക്കൾ ഇന്നലെ തലസ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇതുവരെ കൂടിക്കാഴ്ച സംബന്ധിച്ച് ഒരു മറുപടിയും ലഭ്യമായിട്ടില്ല. കെ.എസ്‌.യു നേതൃത്വത്തിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം, മുഖ്യമന്ത്രി ഇന്ന് ഉച്ചക്ക് ഔദ്യോഗിക പരിപാടികൾക്കായി കൊല്ലത്തേക്ക് തിരിക്കും. കെ.എസ്‍.യുവിന് എതിരായ പരിഹാസ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശം പരിധിവിട്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നു. പാർട്ടി യോഗം ചേരുമ്പോൾ ഇക്കാര്യം ഉന്നയിക്കാൻ ആലോചിക്കുന്നതായും സൂചനയുണ്ട്.

അതേസമയം, അലോഷ്യസ് സേവ്യർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. സമരത്തിനിടെ പൊലീസ് വാഹനത്തിൽ കയറി പ്രതിഷേധിക്കുന്ന ചിത്രത്തിൽ 'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരുകൂട്ടം ധിക്കാരികൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നൽകിയത്. സർക്കാർ പ്ലീഡർ നിയമനം നടത്തുന്നത് കെ.എസ്‌.യു കമ്മിറ്റികൾ അല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് രാഷ്ട്രീയ പോരിലേക്ക് വഴിവെച്ചത്. പ്ലീഡറായി നിയമനം ലഭിച്ച അഭിഭാഷക ജയോണ ജെയിംസ് തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ നേതാവായിരുന്നു എന്നായിരുന്നു കെ.എസ്.യുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്‌.യു അക്കാലത്തെ ഭാരവാഹികളുടെ ഒപ്പ് സഹിതം മുഖ്യമന്ത്രിക്ക് കത്തും നൽകിയതാണ്.എന്നാൽ, ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹാസം കലർന്ന രീതിയിൽ മറുപടി നൽകുകയായിരുന്നു.

തിരുവനന്തപുരം ലോ കോളജിലെ കെ.എസ്‌.യു യൂണിറ്റ് കമ്മിറ്റിയാണോ സർക്കാർ പ്ലീഡറെ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ മാധ്യമങ്ങൾ ഊതി വീർപ്പിക്കുന്നതാണ്. നിയമനത്തിൽ കെ.എസ്‌.യുവിന് ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.വിവാദമായ രണ്ടു സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി. 'നിയമിക്കപ്പെട്ടവരിൽ ഒരാൾ കോളജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ ആയിരുന്നുവെന്നും മറ്റൊരാൾ എ.ബി.വി.പി ആയിരുന്നു എന്നുമാണ് ഉയർത്തുന്ന ആരോപണം.

കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഇതിനെതിരെ പരാതി ഉന്നയിച്ചു എന്നുമാണ് പല മാധ്യമങ്ങളും വാർത്ത നൽകിയത്. എന്നാൽ, ലോയേഴ്സ് കോൺഗ്രസിലെ ആരും ഇതുവരെയും പരാതി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിവാദത്തിലായ രണ്ടു പേരുകളും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ശിപാർശ ചെയ്തതാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. അവരുടെ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് നിയമനം നടത്തിയത്. നിലവിൽ അവർ രണ്ടുപേരും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സജീവ അഭിഭാഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ കെ.എസ്‌.യു നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആരും വന്ന് പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമിക്കപ്പെട്ടവരുടെ പശ്ചാത്തലവും അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും പരിഗണിച്ചാണ് നിയമനം പൂർത്തിയാക്കിയത് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞിരുന്നു.

Full View
Tags:    
News Summary - No reply; V.D. Satheesan denies permission for KSU meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.