പ്രതീകാത്മക ചിത്രം

വൈദ്യുതിക്ഷാമത്തിന് പരിഹാര നീക്കം; കെ.എസ്.ഇ.ബിക്ക് 200 മെഗാവാട്ട് വാങ്ങാൻ റഗുലേറ്ററി കമീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടയിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതി. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയത്.

യൂനിറ്റിന് 2.93 രൂപ എന്ന വളരെ കുറഞ്ഞ നിരക്കിൽ ഈ വൈദ്യുതി കേരളത്തിന് ലഭ്യമാകും. വൈകുന്നേരം ആറു മുതൽ രാത്രി 10 വരെ ഉയർന്ന ഉപയോഗം അനുഭവപ്പെടുന്ന സമയങ്ങളിലെ കടുത്ത ക്ഷാമം പരിഹരിക്കാൻ പുതിയ കരാർ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. 25 വർഷത്തേക്കാണ് ഈ ദീർഘകാല കരാർ ഒപ്പുവെക്കുക.

വെൽസ്പൺ റിനീവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതി, ഏഴ് പൈസ ട്രേഡിങ് മാർജിനും കൂടി ചേർത്താണ് സോളാർ എനർജി കോർപറേഷൻ കെ.എസ്.ഇ.ബിക്ക് നൽകുക. നിലവിൽ സംസ്ഥാനത്ത് പൊതുതെളിവെടുപ്പ് നടന്ന വേളയിൽ, ആവശ്യമാണെങ്കിൽ 500 മെഗാവാട്ട് വൈദ്യുതി വരെ നൽകാമെന്ന് കോർപറേഷൻ റഗുലേറ്ററി കമീഷനെ അറിയിച്ചിരുന്നു. എന്നാൽ, കെ.എസ്.ഇ.ബി ഇതിനോട് ​പ്രതികരിച്ചിരുന്നില്ല.

അതേസമയം, അടുത്ത വർഷം ജനുവരി മുതൽ വാങ്ങാൻ ഉദ്ദേശിക്കുന്ന 300 മെഗാവാട്ടിന്റെ ഹ്രസ്വകാല കരാറിനായുള്ള ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റഗുലേറ്ററി കമീഷന്റെ പരിഗണനയിലാണ്.

സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം മഴ കുറഞ്ഞു. ജൂൺ ഒന്നുമുതൽ ജൂലൈ 14 വരെ പ്രതീക്ഷിച്ച മഴ 953.7 മില്ലിമീറ്ററാണ്. എന്നാൽ, ലഭിച്ചത് 659.6 മില്ലിമീറ്റർ മാത്രം. അതായത് 294. 01 മില്ലിമീറ്റർ കുറവ്. ഏറ്റവും കൂടുതൽ ലഭിക്കേണ്ട ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവുണ്ടായത്.

മഴ കുറഞ്ഞതിനാൽ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ നിലവിലുള്ളത് 29 ശതമാനം വെള്ളം മാത്രം. കഴിഞ്ഞ വർഷം ഇതേ ദിവസം 57 ശതമാനമുണ്ടായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ ആകെ അവശേഷിക്കുന്നതും 29 ശതമാനം ജലമാണ്.

സെപ്റ്റംബറിനുമുമ്പ് ആശ്വാസകരമായ നിലയിലേക്ക് ജലനിരപ്പ് ഉയരുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്. അല്ലെങ്കിൽ കടുത്ത വൈദ്യുതി നിയന്ത്രണമുണ്ടായേക്കും.

Tags:    
News Summary - KSEB Gets Approval to Buy 200 MW Power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.