‘ആരും രാജാവ് ചമയേണ്ട, വ്യക്തിഹത്യ നടത്തിയാൽ മൂന്നിരട്ടി തിരിച്ചുപറയും’ -ജി. സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

ആലപ്പുഴ: തോട്ടപ്പള്ളി സന്ദർശനത്തെ ചൊല്ലി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരനും കുട്ടനാട് എം.എൽ.എ റെജി ചെറിയാനും തമ്മിൽ വാക്പോര്. തന്നെ അറിയിക്കാതെ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും റെജി ചെറിയാൻ സന്ദർശിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. സമ്പത്തിന്‍റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും ഒരു എം.എൽ.എയുടെ മുകളിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ വിമർശിച്ചു.

ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് റെജി ചെറിയാൻ മറുപടി നൽകിയത്. ആരുടെയും പേപ്പർ എഴുതിവാങ്ങിയല്ല താൻ എം.എൽ.എ ആയതെന്നും ആരും രാജാവ് ചമയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ വ്യക്തിപരമായി പറഞ്ഞാൽ മൂന്നിരട്ടി അപ്പുറം തിരിച്ചുപറയും.

വ്യക്തിഹത്യ നടത്തുമ്പോൾ നോക്കിയും കണ്ടും ചെയ്യണം. കഷ്ടപ്പെട്ടുണ്ടാക്കിയതാണ് എന്റെ പ്രസ്ഥാനം. മണ്ണ് വാരാനല്ല തോട്ടപ്പള്ളിയിൽ പോയത്, പൊഴി തുറന്നുകിടക്കുകയാണോ എന്ന് പരിശോധിക്കാനാണ്. അതിനുള്ള അവകാശം കുട്ടനാട് എം.എൽ.എക്കുണ്ട്’-റെജി ചെറിയാൻ വ്യക്തമാക്കി.

നാലും അഞ്ചും പെൻഷൻ വാങ്ങി കറങ്ങിനടക്കുന്ന ആളല്ല താനെന്നും റെജി ചെറിയാൻ പരിഹസിച്ചു. ‘താൻ രണ്ട് പാർട്ടിയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. ആരുടെയും ശമ്പളം വാങ്ങുന്നയാളല്ല ഞാൻ.

ഇവിടെ ആരെങ്കിലും കള്ളുകുടിക്കാൻ വന്നിട്ടുണ്ടെങ്കിൽ അതിന്‍റെ പ്രയോജനം പാർട്ടിക്ക് ഉണ്ടായിട്ടുണ്ടാകും. യു.ഡി.എഫ് എന്നത് ജനാധിപത്യ സംവിധാനമാണ്. ഇവിടെ ആരും എം.എൽ.എമാരുടെ രാജാവാകാൻ ശ്രമിക്കേണ്ട’-അദ്ദേഹം കൂട്ടിച്ചേർത്തു.

തോട്ടപ്പള്ളി സന്ദർശനത്തിന് പിന്നാലെ ഉച്ചയോടെയാണ് ജി. സുധാകരൻ റെജി ചെറിയാനെതിരെ രംഗത്തെത്തിയത്. വകുപ്പ് മന്ത്രിയുടെ അടുത്ത ആളായ റെജിക്ക് തകർന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ ധൈര്യമുണ്ടോ എന്ന് സുധാകരൻ ചോദിച്ചിരുന്നു. സുധാകരന്റെ പരാമർശം യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് റെജി ചെറിയാൻ അറിയിച്ചു.

Tags:    
News Summary - Regi Cherian Hits Back at Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.