തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച കോളജ് വിദ്യാർഥിനികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ് പദ്ധതി ഈ അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഇതിന്റെ വിശദാംശങ്ങൾ ബജറ്റിൽ വരും.
ഈ അധ്യയന വർഷംതന്നെ പദ്ധതിയുടെ ഗുണം കാമ്പസിലെ പെൺകുട്ടികൾക്ക് ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതിന്റെ പ്രാരംഭ പ്രവർത്തനം വകുപ്പ് തലത്തിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതി നടപ്പാക്കുമ്പോൾ മുന്നൊരുക്കങ്ങൾ ആവശ്യമാണ്-മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാർ അവസാന ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ബിരുദ വിദ്യാഭ്യാസം ഏതു രീതിയിൽ നടപ്പാക്കണമെന്നത് യു.ഡി.എഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. അവസാന ബജറ്റിൽ എന്തും പറഞ്ഞ് പോകാം. കൃത്യമായ ഫണ്ട് വകയിരുത്താതെയാണ് കഴിഞ്ഞ സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്.
20,000 കോടി വകയിരുത്താതെ 35,000 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയാണ് ചെയ്തത്. കേരള ചരിത്രത്തിൽ ഇന്നുവരെ ആരും ചെയ്യാത്ത തരത്തിലുള്ള ഗിമിക്കാണ് കഴിഞ്ഞ സർക്കാർ ബജറ്റിലൂടെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയത് പ്രഖ്യാപനങ്ങൾ.
ആ ബജറ്റ് മുന്നിൽവെച്ച് മറുപടി പറയാനാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ യു.ഡി.എഫിന്റെ കാഴ്ചപ്പാട് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.