ഒരു കൊമ്പത്തെ തമ്പുരാന്റെയും ‘ഗുഡ് സർട്ടിഫിക്കറ്റ്’ ആവശ്യമില്ല, പറയാനുള്ളത് തുടർന്നും പറയും -വിമർശനത്തിൽ മറുപടിയുമായി കെ.ഇ.എൻ

കോഴിക്കോട്: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളന സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്. തനിക്കെതിരെ സന്ദേശമയച്ച വ്യക്തിക്ക് ‘തെറ്റിദ്ധാരണ’പറ്റിയതാണെന്ന് അദ്ദേഹം വ്യക്തിമാക്കി. ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, സി.പിഎം നേതാക്കളടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കെ.ഇ.എന്നിനെതിരെ വിമർശനം ഉയർന്നത്. ‘കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്?, നമ്മുടെ സംഘടന സഖാക്കൾ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ?’ എന്നായിരുന്നു ഗ്രൂപ്പിൽ വന്ന ചോദ്യം. ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് കെ.ഇ.എൻ തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

 

തനിക്കെതിരെ ഗ്രൂപ്പിൽ കുറിപ്പിട്ടത് പേരാമ്പ്ര സ്വദേശിയായ അർജുൻ മാഷാണെന്നും, തനിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് അദ്ദേഹം വാട്‌സ്ആപ്പ് വഴി അറിയിച്ചതായും കെ.ഇ.എൻ വ്യക്തമാക്കി. അദ്ദേഹം തന്റെ സ്വന്തം സഖാവായതിനാൽ ഇനി വ്യക്തിപരമായ പരാമർശങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവർ മുഴുവൻ ‘സാംസ്‌കാരിക ഇടതുപക്ഷമായി’ ഉടൻ മാറുകയില്ല. അതൊരു ദീർഘകാല സമരത്തിന്റെ വിഷയമാണ്. ഞാൻ ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചതും അതേ പ്രക്ഷോഭത്തിന്റെ തന്നെ ഭാഗമായാണ്.

‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്ന പ്രയോഗത്തെ കെ.ഇ.എൻ ശക്തമായി പിന്തുണച്ചു. ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ'’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും ഇപ്പോൾ അത് മനസ്സിലാവുകയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

വിഷയത്തിൽ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി സഖാവ് മെഹബൂബ് തന്നെ വിളിച്ച് പ്രതിഷേധക്കുറിപ്പ് ഇറക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ മറുഭാഗത്തുള്ളതും നമ്മുടെ തന്നെ സഖാവായതിനാൽ ഒരു പ്രസ്താവനയും വേണ്ടെന്ന് താൻ ആവശ്യപ്പെടുകയായിരുന്നു എന്നും കെ.ഇ.എൻ പറഞ്ഞു.

ആരുടെയും ‘ഗുഡ് സർട്ടിഫിക്കറ്റ്’ തനിക്ക് ആവശ്യമില്ലെന്നും, പറയാനുള്ളത് തുടർന്നും പറയുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി ‘അർജുൻ മാഷിന്റെ മറുപടിയായുള്ള സ്ക്രീൻ ഷോട്ടും പങ്കുവെച്ചുകൊണ്ടാണ് കെ.ഇ.എൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

'കെ ഇ എന്നിന് നമ്മൾ ആളെ ഉണ്ടാക്കി കൊടുക്കണോ' എന്ന് എന്നെക്കുറിച്ച് എഴുതിയത് പേരാമ്പ്രക്കാരനായ ഒരു അർജുൻ മാഷാണ്. അദ്ദേഹം ഇക്കാര്യം എഴുതിയത് 'തെറ്റിദ്ധരിച്ചാണ് ' എന്ന് ഫോൺ വാട്സ്ആപ് വഴി അറിയിച്ചു. അത്രയും നല്ലത്.

അദ്ദേഹവും എന്റെ സ്വന്തം സഖാവായതിനാൽ ഇത് സംബന്ധമായി വ്യക്തിപരമായി ഒരു പരാമർശവും ഇനി ആവശ്യമില്ല. രാഷ്ട്രീയമായി ഇടതുപക്ഷത്തുള്ളവർ മുഴുവൻ 'സാംസ്‌കാരിക ഇടതുപക്ഷമായി ' ഉടൻ മാറുകയില്ല. അതൊരു ദീർഘകാല സമരത്തിന്റെ വിഷയമാണ്. ഞാൻ ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചതും അതേ പ്രക്ഷോഭത്തിന്റെ തന്നെ ഭാഗമായാണ്. 'ജിഹാദി കമ്മ്യൂണിസ്റ്റ് ' എന്നത് മോശം വാക്കല്ല.

ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണ്. ചരിത്രബോധം കുറഞ്ഞവർക്കും 'അറബിവാക്കുകൾ' അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും 'ഇപ്പോൾ' അത് മനസ്സിലാവുകയില്ല!

സമരസൗഹൃദം പങ്കുവെച്ചവരോടും സ്വന്തം മുൻവിധികൾക്ക് മൂർച്ചകൂട്ടാൻ സ്വയം മത്സരിച്ചവരോടും സംവാദസ്നേഹം. അപവാദപ്രചാരണങ്ങൾക്കെതിരെ, പ്രതിഷേധകുറിപ്പിറക്കാൻ സന്നദ്ധമായി എന്നെ വിളിച്ചു: ഞങ്ങളുടെ അഭിമാനമായ സി പി ഐ (എം) കോഴിക്കോട് ജില്ല സെക്രട്ടറി പ്രിയ സഖാവ് മെഹബൂബ്. അപ്പുറത്തും നമ്മുടെതന്നെ സഖാവായതിനാൽ ഒരു പ്രസ്താവനയും ഇത് സംബന്ധമായി വേണ്ട എന്ന് ഞാൻ പറഞ്ഞു.

മരുഭൂമിയിലെ വിത്തുകൾക്ക് ഒരുതുള്ളി വെള്ളം മതിയാവും കോരിത്തരിക്കാൻ! പറയാനാവുന്നത്രയും പറഞ്ഞുകൊണ്ടിരിക്കും, പ്രവർത്തിച്ചുകൊണ്ടിരിക്കും..... ഒരു കൊമ്പത്തെ തമ്പുരാന്റെയും,'ഗുഡ് സർട്ടിഫിക്കറ്റ് ' ആവശ്യമില്ല. 'പോ പുല്ലേ' എന്ന് പറയാത്തത്, 'പോ' എന്ന വാക്കിന്റെ ഊക്കും, പുല്ലിന്റെ മഹത്വവും അറിയാവുന്നത്കൊണ്ട് മാത്രമാണ്. ഇടതടവില്ലാത്ത ഇടപെടലുകൾക്കിടയിൽ പെട്ടാൽ ഏതു 'കളകളും' കരിയും.     

Tags:    
News Summary - KEN Hits Back at Left Critics: ‘Don’t Need Anybody’s Good Certificate’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.