തുറവൂർ (ആലപ്പുഴ): പ്രശസ്തമായ തുറവൂർ മഹാക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാനില്ലെന്ന് തിരുവാഭരണ കമീഷൻ റിപ്പോർട്ട്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ അധ്യക്ഷരായ ഹൈകോടതി ദേവസ്വം ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്. സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത് എന്നതിനാൽ എന്തൊക്കെയാണ് കാണാതായതെന്ന വിവരം പുറത്തുവന്നിട്ടില്ല.
തുറവൂർ ശ്രീഭവനിൽ പി.എസ്. ശ്രീകുമാറിന്റെ പരാതിയെത്തുടർന്നാണ് തിരുവാഭരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഏപ്രിൽ 10ന് കോടതി ഉത്തരവിട്ടത്. ഓരോ വസ്തുവിന്റെയും ഭാരവും അവ സൂക്ഷിച്ച സ്ഥലം സംബന്ധിച്ച വിവരങ്ങളും രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 18 ഇനം സാധനങ്ങൾ കണ്ടെത്താനായില്ല. 1972ന് മുമ്പ് നടന്ന പരിശോധനകളിലും ഈ വസ്തുക്കൾ കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 45 ഇനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ തിരുവാഭരണ രജിസ്റ്ററിൽ ലഭ്യമല്ല. ഇവ ക്ഷേത്രത്തിന്റെ കൈവശമുണ്ടോ എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട മുദ്രപ്പൊതികളും 2013 മുതൽ 2019 വരെയുള്ള മഹസറുകളും സ്ട്രോങ് റൂം മഹസറുകളും പരിശോധിക്കണമെന്ന് കമീഷണർ അറിയിച്ചു.
ക്ഷേത്ര സ്വത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനും ചരിത്രപരവും മതപരവും സാമ്പത്തികവുമായ പ്രാധാന്യമുള്ള വസ്തുക്കളുടെ വിശ്വസനീയ പട്ടിക തയാറാക്കാനും ഈ പരിശോധന പ്രധാനമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ 2013-2019 കാലയളവിലെ മഹസറുകളും ബന്ധപ്പെട്ട എല്ലാ രേഖകളും വൈകാതെ കമീഷണർക്ക് നൽകാൻ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കൗൺസലിനോട് കോടതി നിർദേശിച്ചു. ആഭരണങ്ങളുടെ ഭാരം മാത്രം രേഖപ്പെടുത്തുന്നത് മതിയാകില്ല. സ്വർണാഭരണങ്ങൾ, രത്നങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയവയുടെ മൂല്യനിർണയം എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചുള്ള വിശദ നിർദേശം കമീഷണർ കോടതിയിൽ സമർപ്പിക്കണം. യോഗ്യരായ വിദഗ്ധരുടെ സഹായത്തോടെ ഒറ്റത്തവണ സമഗ്ര മൂല്യനിർണയം നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.