ബിസ്കറ്റിന്റെ തൂക്കത്തിൽ കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ പിഴ

തൃശൂർ: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനെക്കാൾ തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിയോട് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിലേക്കും നൽകാൻ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്.

ഭാവിയിൽ ഇത് ആവർത്തിക്കരുതെന്ന് കർശന നിർദേശം നൽകിയ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ കേരള ലീഗൽ മെട്രോളജി കൺട്രോളറോടും ആവശ്യപ്പെട്ടു. തൃശൂർ വരാക്കര തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കും ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കുമെതിരെ നൽകിയ പരാതിയിലാണ് കമീഷൻ ഉത്തരവ്.

പരാതിക്കാരൻ ചുക്കിരി റോയൽ ബേക്കറിയിൽനിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിൻ ആരോറൂട്ട് ബിസ്കറ്റ് വാങ്ങിയിരുന്നു. ഒരു പാക്കറ്റിന് 40 രൂപയാണ് വില. 300 ഗ്രാമായിരുന്നു പാക്കറ്റുകളിൽ രേഖപ്പെടുത്തിയ തൂക്കം. തൂക്കത്തിൽ സംശയം തോന്നി ജോർജ് പരിശോധിച്ചപ്പോൾ ഒരു പാക്കറ്റിൽ 268 ഗ്രാമും അടുത്തതിൽ 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്. തുടർന്ന് തൃശൂർ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർക്ക് പരാതി നൽകുകയും തൂക്കം പരിശോധിച്ച് ആരോപണം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഉപഭോക്തൃ കമീഷനിൽ ഹരജി ഫയൽ ചെയ്തത്.

എതിർകക്ഷികളുടെ നടപടി അനുചിത ഇടപാടാണെന്ന് വിലയിരുത്തിയ കമീഷൻ, അനേകം പാക്കറ്റുകൾ വിൽക്കുമ്പോൾ ഉപഭോക്താക്കൾ എത്രമാത്രം ചൂഷണം ചെയ്യപ്പെടുമെന്ന് നിരീക്ഷിച്ചു. പ്രസിഡന്റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ കമീഷൻ ഹരജിക്കാരനുണ്ടായ വിഷമതകൾക്ക് 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും ഹരജി തീയതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Tags:    
News Summary - Reduction in weight of biscuits; Britannia Company fined Rs 50,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.