കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്ക്. ജൂൺ ആറ്, ഏഴ് തീയതികളിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഡി.ടി.പി.സിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള മറ്റു കേന്ദ്രങ്ങളും അടച്ചിടാനാണ് നിർദേശം. റെഡ് അലർട്ട് നിലനിൽക്കുന്ന ദിവസങ്ങളിൽ സഞ്ചാരികൾക്കും ഇവിടെക്ക് പ്രവേശനമുണ്ടാകില്ല. വിനോദ സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിലങ്ങാട് മേഖലയില്‍നിന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനും കലക്ടർ ഉത്തരവിട്ടു.
നാളെ വടക്കൻ കേരളത്തിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ ഉത്തരവിട്ടു. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും എല്ലാ അഡ്വഞ്ചർ ടൂറിസവും ട്രക്കിങ്ങുകളും നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും സർവിസ് വില്ലകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കരുതെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രണ്ടു ദിവസം എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.