തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ അണക്കെട്ട്, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശ്ശൂർ പെരിങ്ങൽകുത്ത്, കോഴിക്കോട് കുറ്റ്യാടി അണക്കെട്ട്, വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി.
വൃഷ്ടിപ്രദേശത്തെ ശക്തമായ മഴ കണക്കിലെടുത്ത് പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ എന്നിവയുടെ ഷട്ടറുകൾ തുറന്നു. തമിഴ്നാട് ഷോളയാർ ഡാം തുറന്നതിനാൽ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. രാവിലെ 10 മണിയോടെയാണ് ബാണസുര സാഗർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്. മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും അഞ്ച് സെന്‍റീമീറ്റർ വീതമാണ് ഉയർത്തിയത്. കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഷോളയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നതിനാൽ പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പും ഉയരും. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. 16 അണക്കെട്ടുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ടുപേർ മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ആന്റണി (തൈവിളാകം) മരിച്ചു. കണ്ണൂരിൽ കടലിൽ കാണാതായ കായലോട് സ്വദേശി ഫർഹാൻ റൗഫിന്റെ (18) മൃതദേഹം കണ്ടെത്തി. ആലപ്പുഴയിൽ കടലിൽ പോയ പുന്നപ്ര സ്വദേശി സ്റ്റീഫനെ കാണാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.