തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിൽ തീരുമാനമെടുക്കുന്നതിൽ വ്യാപാരി സംഘടന പ്രതിനിധികളുമായി ഭക്ഷ്യ-ധനമന്ത്രിമാർ ചർച്ച നടത്തും. നിയമസഭ സമ്മേളനം കഴിഞ്ഞ ശേഷമാവും ചർച്ച. സംസ്ഥാനത്തെ 13893 റേഷൻ കടകൾ പതിനായിരമായി നിജപ്പെടുത്തണമെന്നാണ് സമിതിയുടെ പ്രധാന ശിപാർശ. 45 ക്വിന്റൽ വരെയുള്ള കടകൾക്ക് കമീഷൻ 18,000 രൂപയിൽനിന്ന് 22,500 രൂപയായി വർധിപ്പിക്കണമെന്നാണ് സമിതി നിർദേശം. 45 ക്വിന്റലിന് മുകളിൽ ഓരോ ക്വിന്റലിനും 180 രൂപ എന്നത് 200 രൂപയായി ഉയര്‍ത്താമെന്നും ശിപാര്‍ശയിലുണ്ട്.
വേതന പരിഷ്കരണം നടപ്പാക്കുമ്പോൾ പ്രതിമാസം ഏഴ് കോടിയുടെ അധികബാധ്യത വരും. ഇതു മറികടക്കാൻ നീല കാർഡുകാർക്ക് വിതരണം ചെയ്യുന്ന അരിയുടെ വില നാലിൽനിന്ന് ആറു രൂപയായി വർധിപ്പിക്കാനാണ് നീക്കം. അരിവില വർധിപ്പിക്കുന്നതിലൂടെ പ്രതിമാസം 3.14 കോടി അധികമായി ലഭിക്കും. വെള്ള കാർഡുകാർക്കുള്ള റേഷൻ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് ഏറ്റെടുക്കുന്നതിന് വ്യാപാരികൾ അധികമായി 60 പൈസ സർക്കാറിലേക്ക് അടക്കുന്നുണ്ട്. ഈ തുക കൂടി ചേർത്ത് വർഷം ഏകദേശം 50 കോടി കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.
വരുമാനമില്ലാത്ത റേഷൻകടകൾ അടച്ചൂപൂട്ടുകയും പുതിയ റേഷൻകടകൾ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ സർക്കാറിന് തലവേദനയില്ലാതെ തന്നെ റേഷൻ വേതന പാക്കേജ് പരിഹരിക്കാമെന്നാണ് സമിതി നിർദേശം. സമിതി മുന്നോട്ടുവെച്ച വേതന പാക്കേജ് സ്വീകാര്യമാണെങ്കിലും കടകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതിൽ സംഘടനകൾ എതിർപ്പറിയിക്കും. ഈ ശിപാർശ തള്ളി കഴിഞ്ഞ ദിവസം ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്തുമാത്രമേ, വേതന പരിഷ്കരണത്തിന് സർക്കാർ തയാറാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.