റേഷന്‍ പ്രശ്നം: സര്‍വകക്ഷി  സംഘം കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം: ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കും മുമ്പ് സംസ്ഥാനത്തിന് അനുവദിച്ചിരുന്ന ഭക്ഷ്യവിഹിതം പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും. ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. വരള്‍ച്ച നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്ന് ധനസഹായം ആവശ്യപ്പെടാന്‍ പ്രത്യേകമായി കേന്ദ്രത്തെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റേഷനുമായി ബന്ധപ്പെട്ട പ്രശ്നവും വരള്‍ച്ച പ്രശ്നവുമാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ വരള്‍ച്ചക്ക് പ്രത്യേക ധനസഹായത്തിന് സമീപിക്കാനുള്ള തീരുമാനം മന്ത്രിസഭയുടേതാണ്. വരള്‍ച്ചയുടെ ഭാഗമായ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികളാണ് സര്‍വകക്ഷി യോഗം പരിഗണിച്ചത്. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ആളോഹരി റേഷന്‍ സമ്പ്രദായം ഫലത്തില്‍ ഇല്ലാതായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുമ്പോള്‍ മുമ്പ് ലഭിച്ചിരുന്ന വിഹിതത്തില്‍ രണ്ട് ലക്ഷത്തോളം മെട്രിക് ടണിന്‍െറ കുറവുണ്ട്.

നേരത്തേ ലഭിച്ചിരുന്ന 16 ലക്ഷം മെട്രിക് ടണ്‍ അരി ലഭിക്കാന്‍ കേന്ദ്രത്തെ സമീപിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കണമെന്ന് സര്‍വകക്ഷി സംഘം കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും.  തെറ്റ് തിരുത്തി മുന്‍ഗണനപ്പട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തുമ്പോള്‍ അത്രയും പേര്‍ പുറത്താവും. റേഷന്‍ മൊത്ത വ്യാപാരം സര്‍ക്കാര്‍ ഏറ്റെടുക്കും. അതിന്‍െറ ഭാഗമായി റേഷന്‍കടകളില്‍ ഒരുക്കേണ്ട സംവിധാനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരള്‍ച്ച പ്രശ്നം പരിഹരിക്കാന്‍ ദേശീയ ദുരന്ത പ്രതികരണനിധിയില്‍നിന്ന് 991.54 കോടി രൂപ അധിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക നിവേദനം സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിക്കും. ഇത് റേഷന്‍ സര്‍വകക്ഷി സംഘത്തിനൊപ്പമാവില്ല നല്‍കുക. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. ആവശ്യമായ സ്ഥലത്ത് ടാങ്കറില്‍ കുടിവെള്ളം എത്തിക്കാനുള്ള ചുമതല കലക്ടര്‍മാരെ ഏല്‍പിച്ചു. വിതരണച്ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാവും. 

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, കെ.ടി. ജലീല്‍, പ്രഫ. സി. രവീന്ദ്രനാഥ്, തോമസ് ഐസക്, വി.എസ്. സുനില്‍ കുമാര്‍, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും വിവിധ കക്ഷി നേതാക്കളും കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, വി.ഡി. സതീശന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എസ്. കുമാര്‍ തുടങ്ങിയ രാഷ്ട്രീയ  നേതാക്കളും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Tags:    
News Summary - ration shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.