തിരുവനന്തപുരം: കേരളം കാത്തിരുന്ന കൂടിക്കാഴ്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും പിണറായിയുടെ വസതിയുടെ വരാന്തയിലേക്ക് വന്നു. പിന്നാലെ, മാധ്യമപ്പട ഒന്നാകെ ഇരുവരെയും വളഞ്ഞു. ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയപ്പോൾ, പിണറായി ചിരിച്ചു കൊണ്ട് സതീശനോട് പറഞ്ഞു: ‘അവരെന്തോ പ്രതീക്ഷിക്കുന്നു, പറഞ്ഞോളൂ...’. പിന്നാലെ ചാനൽ മൈക്കുകൾ സതീശന് നേരെ നീണ്ടു.
‘ഞാൻ അദ്ദേഹത്തെ കാണാൻ വന്നത്, അദ്ദേഹം കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും സീനിയർ ആയിട്ടുള്ള ഒരാളായതിനാലാണ്. 10 വർഷം മുഖ്യമന്ത്രിയായിരുന്ന ആളാണ്, 16 വർഷം പാർട്ടി സെക്രട്ടറി ആയിരുന്ന ആളാണ്, പരിണിത പ്രജ്ഞനായ രാഷ്ട്രീയ നേതാവാണ്. നമ്മൾ ഒരു പ്രധാനപ്പെട്ട ദൗത്യം ഏറ്റെടുക്കുകയാണ്, മാത്രമല്ല അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൂടി വരികയാണ്.
നമ്മുടെ കേരളത്തിന്റെ കാര്യങ്ങൾക്ക് വേണ്ടി പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ നമുക്ക് പറ്റണം, അത് പറ്റുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ കാര്യങ്ങൾക്കും ഒരുമിച്ച് നിൽക്കാൻ പറ്റില്ല, രാഷ്ട്രീയം ഉണ്ട്. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പിന്തുണ കൂടി ഞാൻ അഭ്യർഥിച്ചു’ -സതീശൻ പറഞ്ഞു.
പിണറായി സർക്കാർ കൊണ്ടുവന്ന വികസന പദ്ധതികളിൽ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന് ‘ഒരു കാരണവശാലും മാറ്റില്ല, അതെന്തിനാ മാറ്റുന്നത്?’ എന്ന മറുചോദ്യമായിരുന്നു സതീശന്റെ മറുപടി.‘ഗവൺമെന്റുകൾ എന്നാൽ തുടർച്ചയാണ്. കഴിഞ്ഞ ഗവൺമെന്റ് തുടങ്ങിയ വികസന പദ്ധതികളിൽ നമ്മൾ വലിയ വിമർശനം ഉന്നയിച്ച കാര്യങ്ങളിൽ ചില തിരുത്തലുകൾ വരുത്തുമെന്നല്ലാതെ അവ ഒഴിവാക്കില്ല. ഒരു ഗവൺമെന്റ് തുടങ്ങിയ പരിപാടി വേറെ ഗവൺമെന്റ് വന്ന് മാറ്റിയാൽ കേരളം പിന്നെ ഉണ്ടാകുമാ? അതൊന്നും ചെയ്യില്ല’ -സതീശൻ പറഞ്ഞു.
10 വർഷത്തെ എക്സ്പീരിയൻസ് ചോദിച്ചോ എന്ന ചോദ്യത്തിന് ‘അതിപ്പോൾ ഞങ്ങൾ തമ്മിൽ അകത്തിരുന്ന് സംസാരിച്ചത് മുഴുവൻ പുറത്തു വന്ന് നിങ്ങളോട് പറയാൻ പറ്റുമോ?’ എന്നായിരുന്നു തമാശ കലർന്ന മറുപടി. പിണറായിയെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതായും വി.ഡി. സതീശൻ പറഞ്ഞു.
തുടർന്നും ചോദ്യങ്ങൾ ഉയർന്നതോടെ ‘മതി, മതി, ഇതുമതി, ഇതുമതി’ എന്ന് പറഞ്ഞ് മാധ്യമങ്ങളെ പിണറായി വിജയൻ നിരുത്സാഹപ്പെടുത്തി. ‘ശരി ശരി, പിന്നെ പറയാം, പിന്നെ പറയാം, ഇനി ഇദ്ദേഹത്തെ പോകാൻ അനുവദിച്ചോ’ -അദ്ദേഹം വി.ഡിക്ക് വഴിയൊരുക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഇരുവരും കൈ കൊടുത്തു പിരിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.