റാപ്പർ വേടൻ, സഹോദരൻ ഹരിദാസ്
കൊച്ചി: പുതിയ തലമുറ അയ്യങ്കാളിയേയും അംബേദ്കറേയും അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് റാപ്പർ വേടനെതിരെ തുടർച്ചയായി കേസ് കൊടുക്കുന്നതെന്ന് സഹോദരൻ ഹരിദാസ്. ഒരുകൂട്ടം ആളുകൾ വേടന്‍റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണ്. കുടുംബം ട്രോമയിലൂടെ കടന്നുപോകുകയാണ്. കുടുംബം അനുഭവിക്കുന്ന മാനസിക പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് പറഞ്ഞു. കുടുംബം മാനസികമായി ബുദ്ധിമുട്ടുന്നതിനെ കുറിച്ചാണ് അതിൽ എഴുതിയതെന്നും ഹരിദാസ് വ്യക്തമാക്കി.
“കേസിനു പിന്നാലെ കേസ് വരുമ്പോൾ കുടുംബത്തിന് വലിയ ബുദ്ധിമുട്ടാണ്. അനിയത്തിയും അച്ഛനുമൊക്കെ ഉൾപ്പെടുന്ന ചെറിയ കുടുംബമാണ്. ആദ്യമായാണ് ഇത്തരം അനുഭവങ്ങളെല്ലാം. ട്രോമയിലൂടെയാണ് കടന്നുപോകുന്നത്. കുടുംബം ഇല്ലാതാക്കാനാണ് ശ്രമം. ആരാണ് വേട്ടയാടുന്നതെന്ന് അറിയില്ല. വേടന്‍റെ രാഷ്ട്രീയം ആർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അറിയില്ല. കേസുകൾ ബാധിക്കുന്നത് ഞങ്ങളെ മാത്രമല്ല. കൂടെയുള്ള ഒരുപാട് പേരെക്കൂടിയാണ്. പുതിയ തലമുറ അയ്യങ്കാളിയേയും അംബേദ്കറെയും അറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ് തുടർച്ചയായി കേസ് കൊടുക്കുന്നത്. ഒരുകൂട്ടം ആളുകൾ വേടന്‍റെ രാഷ്ട്രീയത്തിൽ അസ്വസ്ഥരാണ്. മാധ്യമങ്ങളും പൊലീസും ഭരണകൂടവും നീതിപീഠവും കൂടെ നിൽക്കുന്നുണ്ട്. അത് എപ്പോഴും അങ്ങനെ ആകുമെന്നാണ് പ്രതീക്ഷ” -ഹരിദാസ് പറഞ്ഞു.
റാപ്പര്‍ വേടനെതിരെ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് വേടന്‍റെ കുടുംബം പരാതി നൽകിയത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടന്‍റെ സഹോദരൻ ഹരിദാസാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമമെന്നുമാണ് പരാതിയിൽ പറയുന്നത്. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ റാപ്പര്‍ വേടനും കോടതിയിൽ വാദിച്ചിരുന്നു.
ബലാത്സംഗക്കേസിൽ റാപ്പർ വേടനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യപരിശോധനക്ക് ശേഷം വിട്ടയച്ചു. കേസിൽ ചോദ്യം ചെയ്യലിനായി വേടൻ പൊലീസിന് മുന്നിൽ ഹാജരായിരുന്നു. കേസ് അന്വേഷിക്കുന്ന തൃക്കാക്കര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് വേടനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവഡോക്ടറാണ് റാപ്പർ വേടനെതിരെ പീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്‍ വരെയുള്ള കാലയളവിൽ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ടായിരുന്നു.
എന്നാൽ, ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് കരുതാൻ മതിയായ തെളിവുകളുണ്ടെന്നും ബ്രേക്ക്അപ്പിന് ശേഷം ആരോപണങ്ങളുമായി ഭാവി നശിപ്പിക്കാനുള്ള പ്രവണതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് വേടനും മൊഴി നൽകി. വേടനെതിരെ ഗവേഷക വിദ്യാർഥി കൂടി പിന്നീട് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിയുടെ ഓഫിസിൽ നല്‍കിയ പരാതി എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയിരുന്നു. സംഗീത ഗവേഷണത്തിന്റെ പേരിൽ വേടനുമായി ഫോണിലൂടെ ബന്ധപ്പെട്ടുവെന്നും 2020ൽ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞുവെന്നും അവിടെ വെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ആ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
എന്നാൽ സെഷൻ കോടതി ഈ കേസിൽ കഴിഞ്ഞ ദിവസം ജാമ്യം അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്ച തൃക്കാക്കര പൊലീസ് വേടനെ ആറേകാൽ മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാവിലെ 10ന് പൊലീസ്‍സ്റ്റേഷനിലെത്തിയ വേടൻ വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണസംഘം വേടനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.