റാങ്ക് പട്ടിക കാലാവധി; ചീഫ് സെക്രട്ടറി പി.എസ്.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭ ശിപാർശ പി.എസ്.സിക്ക് കൈമാറി. അടുത്ത യോഗത്തിൽ പി.എസ്.സി ഇത് പരിഗണിക്കും.
സാധ്യമായ മാർഗങ്ങൾ പരിശോധിച്ച് വിശദമായി ചർച്ച ചെയ്ത് ശിപാർശയിൽ നടപടിയെടുക്കാനാണ് പി.എസ്.സി തീരുമാനം. നിയമം അനുവദിക്കുന്നില്ലെങ്കിൽ നിർദേശങ്ങളോടെ ശിപാർശ മടക്കി അയക്കും. ന്യൂനതകൾ പരിഹരിച്ച് വീണ്ടും ശിപാർശ നൽകേണ്ടിവരും. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി പി.എസ്.സി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ശിപാർശയുടെ പ്രായോഗികതയാണ് ചർച്ചയായത്.
പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള 18 അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടാനുള്ള ശിപാർശ തിങ്കളാഴ്ച വൈകീട്ടാണ് പി.എസ്.സിക്ക് ലഭിച്ചത്. അതിനുമുമ്പുതന്നെ ഈ പട്ടികയിലുൾപ്പെട്ട എച്ച്.എസ്.ടി മലയാളം കോഴിക്കോട് ജില്ലയിലേക്കുള്ള തസ്തികയുടെ പുതിയ റാങ്ക് പട്ടിക നിലവിൽ വന്നത് സർക്കാറിന് തിരിച്ചടിയായിരുന്നു. പുതിയ പട്ടികക്ക് നേരത്തേ അംഗീകാരം നൽകിയതാണെന്നും പഴയ പട്ടികയുടെ കാലാവധി കഴിഞ്ഞ മുറക്ക് നിലവിൽ വന്നതാണെന്നുമാണ് പി.എസ്.സി വിശദീകരണം.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലപരിധി കഴിയുന്ന പട്ടികകൾ നീട്ടാനായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യപ്രകാരം സർക്കാർ ശിപാർശ ചെയ്തത്. എന്നാൽ, തെരഞ്ഞെടുത്ത റാങ്ക് പട്ടികകളുടെ മാത്രം കാലാവധി നീട്ടുന്ന കീഴ്വഴക്കം പി.എസ്.സിക്കില്ല. നിശ്ചിത സമയത്ത് കാലാവധി കഴിയാറായവ ഒന്നിച്ച് നീട്ടുകയാണ് പതിവ്. ശിപാർശ കുരുക്കാകുമെന്നും ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശിപാർശ പി.എസ്.സി തള്ളാനുള്ള സാധ്യതയുമുണ്ട്. ഇത് കണക്കിലെടുത്താണ് ചീഫ് സെക്രട്ടറി പി.എസ്.സി സെക്രട്ടറിയുമായി ചർച്ച നടത്തിയത്.
കാലാവധി നീട്ടിയ പട്ടികയിലെ ഉദ്യോഗാർഥികൾ പ്രതീക്ഷയിലാണെങ്കിലും പുതിയത് കാത്തിരിക്കുന്നവർ നിരാശരാണ്. കാലാവധി നീട്ടിയാലും തസ്തികകളില്ലാത്തതിനാൽ എത്ര പേർക്ക് നിയമനം ലഭിക്കുന്നുവെന്നതും കാത്തിരുന്നു കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.