പി.എസ്.സി ആസ്ഥാനം
പി.എസ്.സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായ സാഹചര്യത്തിൽ ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് എസ്.ഐ.ടി സർക്കാറിനോട് ശിപാർശ ചെയ്തു. വീഴ്ച മനസ്സിലാക്കിയിട്ടും പി.എസ്.സി അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് എസ്.ഐ.ടി കുറ്റപ്പെടുത്തി.
മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഷീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെയാണ് നടപടിക്ക് ശിപാർശയുണ്ടായത്. പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ഐ.ജി അജീതാബീഗത്തിന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖേന ഡി.ജി.പി രവാഡ ചന്ദ്രശേഖറിനാണ് ശിപാർശ കൈമാറിയത്.
ഡി.ജി.പി ഇതുസംബന്ധിച്ച കത്ത് ആഭ്യന്തരവകുപ്പിന് കൈമാറി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാർ പി.എസ്.സിക്ക് കത്ത് നൽകും. ഇവർക്ക് പുറമെ മറ്റു ചില ഉദ്യോഗസ്ഥർക്കും ക്രമക്കേടിൽ പങ്കുണ്ടെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. നിലവിൽ ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടിലാണ് എസ്.ഐ.ടി നടപടി.
പി.എസ്.സി ആസ്ഥാനത്ത് ദിവസങ്ങളോളം നീണ്ട പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ക്രമക്കേട് നടന്നതെന്ന വിലയിരുത്തലിൽ എസ്.ഐ.ടി എത്തിയത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താത്തതാണ് ക്രമക്കേട് ആക്ഷേപത്തിന് കാരണമായത്. ഈ ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താത്തത് രണ്ട് ഉദ്യോഗസ്ഥരുടെ വീഴചയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. മൂല്യനിർണയ ചുമതല ഇവർക്കായിരുന്നു. എന്നാൽ, സാങ്കേതിക പിഴവാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.