എം.വി. ഗോവിന്ദൻ
‘ഇ.ഡി എന്ന ഓലപ്പാമ്പുകാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ നോക്കണ്ട’; ഇ.ഡി ലക്ഷ്യം ആർ.എസ്.എസ് അജണ്ട: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇ.ഡിയുടെ ലക്ഷ്യം ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേസും കാര്യങ്ങളുമൊക്കെ അതിനായി പിന്നീടുണ്ടാക്കിയെടുക്കുന്നതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നെടുംതൂണായ പിണറായി വിജയനെയും കുടുംബത്തെയും തകർക്കുകയാണ് രാഷ്ട്രീയ ഉന്നം. മുഹമ്മദ് റിയാസിനെകൂടി പ്രതിചേർക്കാനാണ് ശ്രമം. സി.പി.എം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എ.കെ.ജി. പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡി എന്ന ഓലപ്പാമ്പുകാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ നോക്കണ്ട. കേരളത്തിലെ കമ്യൂണിസ്റ്റുകാർ അതിനെയൊക്കെ അതിജീവിച്ചുവന്നവരാണ്. മാധ്യമങ്ങൾ എഴുതിയുണ്ടാക്കിയതല്ല പിണറായി വിജയനെന്ന നേതാവിനെ. പാർട്ടിയും ജനങ്ങളും ചേർന്ന് വളർത്തിക്കൊണ്ടുവന്നതാണ്.
സി.പി.എമ്മിനെ നശിപ്പിക്കാൻ കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ചിരിക്കുകയാണ് ആർ.എസ്.എസ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കരുവന്നൂർ ബാങ്ക്. അവിടെ ക്രമക്കേട് നടത്തിയ മാനേജരെയും സെക്രട്ടറിയെയും പാർട്ടി പുറത്താക്കുകയും കേസിൽ ഇവർ ജയിലിലാവുകയും ചെയ്തു. പ്രശ്നം തീർന്നപ്പോഴാണ് ഇ.ഡി എത്തിയത്. ജയിലിലുള്ളവരെ പോയിക്കണ്ട് പാർട്ടിക്കെതിരെ പറയിപ്പിച്ച് മാപ്പുസാക്ഷിയാക്കി.
ക്രമക്കേട് നടന്ന കാലയളവു കഴിഞ്ഞുവന്ന ജില്ല സെക്രട്ടറിയെ അടക്കം പ്രതിയാക്കി. ഇ.ഡിക്ക് ഇത്രയധികം അധികാരങ്ങൾ നൽകിയത് മുൻമന്ത്രി പി. ചിദംബരമാണ്. ഒടുവിൽ അദ്ദേഹത്തെ തന്നെ ഇ.ഡി പിടിച്ചു. ഇതുകൊണ്ടൊന്നും ഭയക്കുന്നവരല്ല പാർട്ടി. ഇ.ഡി കേസെടുക്കട്ടെ. അഞ്ചെട്ടായിരം കേസ് എടുത്തിട്ടുമുണ്ട്. അതെല്ലാം കോടതി എഫ്.ഐ.ആർ. അടക്കം തള്ളിക്കളഞ്ഞ് റദ്ദാക്കിയത് മറക്കേണ്ട-ഗോവിന്ദൻ പറഞ്ഞു. എ.കെ.ജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടി വി. ജോയ് സ്വാഗതവും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.