മുട്ടിൽ മരംമുറി: പ്രതികളെ ഇന്ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും

കൊച്ചി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് നടപടി.

പ്രതികൾ നേരിട്ടോ വിഡിയോ കോൺഫറൻസിങ് വഴിയോ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. നടപടികൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തെ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു.

വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈകോടതിയിൽ നടപടി പുരോഗമിക്കുകയാണെന്ന് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ അറിയിച്ചതിനാൽ നേരത്തെ പലതവണ കേസ് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടപടിയിലേക്ക് വീണ്ടും കോടതി കടന്നത്. അന്ന് നേരിട്ട് ഹാജരാവാനോ ഓൺലൈൻ കോൺഫറൻസിങ് സംവിധാനം വഴി ഹാജരാവാനോ പ്രതികൾക്ക് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, അഭിഭാഷകൻ മാത്രമായിരുന്നു കോടതിയിൽ ഹാജരായത്.

കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ സ്റ്റേ പെറ്റിഷൻ നിലനിൽക്കുന്നുണ്ടെന്നും അതിന്റെ നടപടി അറിഞ്ഞ ശേഷമാവാം വിചാരണ കോടതി നടപടികളിലേക്ക് കടക്കുന്നത് എന്നും അഭിഭാഷകൻ അറിയിച്ചതോടെ കേസ് വീണ്ടും മാറ്റിവെച്ചു. അന്ന് വിചാരണ കോടതി രൂക്ഷമായ രീതിയിൽ തന്നെ ഇതിനെ വിമർശിച്ചിരുന്നു. സ്റ്റേ നടപടി ഉണ്ടെങ്കിൽ അതിന്റെ രേഖകൾ എവിടെയാണെന്ന് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം വിഡിയോ കോൺഫറൻസിങ് സൗകര്യം റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

2021ലാണ് അമ്പലമേട് പൊലീസ് ആദ്യകേസ് എടുക്കുന്നത്. മേപ്പാടിയിൽ നിന്നും പാസില്ലാത്ത മരം മുറിച്ചു കടത്തികൊണ്ടുവന്ന് ഇവിടെയുള്ള മരമില്ല് ഉടമക്ക് വിൽപന നടത്തി എന്നായിരുന്നു കേസ്. മരമില്ല് ഉടമയുടെ പരാതിയിലാണ് കേസ് എടുത്തത്. 

Tags:    
News Summary - Muttil tree felling chargesheet hearing today augustine brothers muttil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.