തിരുവനന്തപുരം: രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും അദ്ദേഹത്തെ പോലെ ഒരാൾ കാബിനറ്റിൽ ആവശ്യമാണെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഹൈ കമാൻഡിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു.
‘അത് ഹൈകമാൻഡും രമേശ് ചെന്നിത്തലയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് എല്ലാ കാലത്തും ഹൈകമാൻഡിന്റെ നിലപാടുകളെ അംഗീകരിക്കുകയും ഒരു അച്ചടക്കമുള്ള കോൺഗ്രസുകാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈകമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല’ -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നിർണയത്തിലെ അവഗണനയിൽ ഇടഞ്ഞ് നിൽക്കുകയാണ് ചെന്നിത്തല. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നാണ് ഒപ്പമുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ രാവിലെ ശുഭപ്രതീക്ഷയിൽ വീടിന് മുന്നിലെത്തി സന്ദർശകരെയും അണികളെയുമെല്ലാം അഭിവാദ്യം ചെയ്തെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനശേഷം സതീശനെ പിന്തുണച്ച് കത്ത് കൈമാറിയതല്ലാതെ വൈകീട്ട് നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തില്ല. കോൺഗ്രസ് ഹൈകമാൻഡ് തന്നെ പരിഗണിക്കുമെന്ന് വലിയ പ്രതീക്ഷയിലായിരുന്നു അവസാന നിമിഷം വരെ ചെന്നിത്തല.
2021ൽ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ അർഹമായ പരിഗണന നൽകുമെന്ന് സോണിയ ഗാന്ധി വാക്കുനൽകിയിരുന്നുവത്രെ. ഈ വാക്കിനൊപ്പം വി.ഡി. സതീശനെയും കെ.സി. വേണുഗോപാലിനെയും അപേക്ഷിച്ച് തലമുതിർന്ന നേതാവ് എന്നതും ഭരണപരിചയവും ഹൈകമാൻഡ് പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ.
തനിക്കൊപ്പം യൂത്ത് കോൺഗ്രസിലടക്കം ദേശീയ തലത്തിൽ പ്രവർത്തിച്ചവർ മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായതടക്കം ചെന്നിത്തല ഹൈകമാൻഡിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഒപ്പം വി.ഡി-കെ.സി പോരിനിടെ ഒത്തുതീർപ്പ് മുഖ്യമന്ത്രിയെന്ന നിലയിലെ രംഗപ്രവേശനത്തിലും വലിയ പ്രതീക്ഷ പുലർത്തി. ഇതൊന്നുമില്ലാതായതോടെയാണ് കടുത്ത നിരാശയും നീരസവുമുണ്ടായത്.
സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നുമായിരുന്നു ചെന്നിത്തലയുടെ പരാതി. എ.ഐ.സി.സി പുനഃസംഘടനയിൽ പ്രവർത്തക സമിതിയിലെത്തുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. താൻ പാർട്ടിയിലെത്തിച്ച ശശി തരൂർ വരെ പ്രവർത്തക സമിതിയിലെത്തിയ സാഹചര്യത്തിൽ കൂടിയാണിത്. ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവ് കൂടിയായ ചെന്നിത്തല ഇപ്പോൾ ഇടഞ്ഞു നിൽക്കുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകുമെന്ന് തന്നെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.