‘തരൂരിന്റെ കൂറ് മോദിയോടും ശരീരം കോൺഗ്രസിലും, നിലമ്പൂരിലേക്ക് വിളിക്കാൻ ആരുടെയും സംബന്ധമല്ല നടക്കുന്നത്’; രൂക്ഷ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. നിലമ്പൂരിലേക്ക് വിളിക്കാൻ ആരുടെയും സംബന്ധമല്ല നടക്കുന്നത്. ആരെയും ക്ഷണിച്ചിട്ടല്ല നിലമ്പൂരിലെത്തിയതെന്നും നേതാക്കന്മാർ അവരുടെ സൗകര്യം അറിയിച്ച് എത്തിയതാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി തരൂരിന്റെ കൂറ് നരേന്ദ്ര മോദിയോടും ശരീരം കോൺഗ്രസിലുമായാണ് നിൽക്കുന്നതെന്നും ഉണ്ണിത്താൻ വിമർശിച്ചു.

“നിലമ്പൂരിലേക്ക് വിളിക്കാൻ ആരുടെയും സംബന്ധമല്ലല്ലോ അവിടെ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഒരു കോൺഗ്രസ് നേതാവിനെയും വിളിച്ചിട്ടല്ല അവിടെ പോയത്. കോൺഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള എല്ലാ നേതാക്കന്മാരും, അവർക്ക് ഏതൊക്കെ ദിവസമാണ് വരാൻ സൗക്യമുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കുകയും സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി തരൂരിന്റെ കൂറ് നരേന്ദ്ര മോദിയോടും ശരീരം കോൺഗ്രസിലുമായാണ് നിൽക്കുന്നത്. പുള്ളിയുടെ ഏറ്റവും വലിയ തമാശകളിലൊന്നാണ് രാജ്യതാൽപര്യത്തെ കുറിച്ച് പറയുന്നത്. രാജ്യതാൽപര്യം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിതാൽപര്യം തന്നെയാണ്. അതിൽ തർക്കം വേണ്ട. പൂച്ച പാല് കുടിക്കുമ്പോ ആരും കാണുന്നില്ലെന്നാ അതിന്റെ ധാരണ. ശശി തരൂർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹമൊഴിച്ച് എല്ലാവർക്കുമറിയാം. ഇനിയൊരിക്കൽ ഐക്യരാഷ്ട്ര സഭയിലേക്ക് മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യം കാണും. മോദി അദ്ദേഹത്തെ പിന്തുണക്കുമായിരിക്കും”-ഉണ്ണിത്താൻ പറഞ്ഞു.

നിലമ്പൂരിലേക്ക് വരണമെന്നഭ്യർഥിച്ച് ഒരു മിസ്ഡ് കോൾ പോലും ലഭിച്ചിട്ടില്ലെന്നായിരുന്നു തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. ക്ഷണിക്കാ​തെ ഒരിടത്തും പോകാറില്ല. അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. വലിയ ബുദ്ധിമുട്ടില്ലാതെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.

എന്നാൽ ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയ താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. കെ.സി. വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ദീപ ദാസ്മുൻഷിയും ഉൾപ്പെടെയുള്ള 40 പേരുടെ പട്ടികയിൽ എട്ടാമതാണ് ശശി തരൂരിന്റെ പേരുള്ളത്. അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. പാർട്ടിയിൽ തരൂരിന് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നെന്ന് സൂചിപ്പിക്കുന്നതാണ് താര പട്ടിക.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രിയങ്ക ഗാന്ധി​യടക്കമുള്ള നേതാക്കൾ എത്തിയിരുന്നു. ശശി തരൂരിന്റെ അഭാവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം വിദേശത്താണ് എന്ന മറുപടിയാണ് യു.ഡി.എഫ് നേതൃത്വം നൽകിയിരുന്നത്.

Tags:    
News Summary - Rajmohan Unnithan criticises Shashi Tharoor on his response on Nilambur Campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.