തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. സംഘടിത മതമൗലിക ഭീകര സംഘടനകൾ കേരളത്തിൽ പിടിമുറുക്കുന്നു എന്ന് സധൈര്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി കൂടിയായിരുന്നു വി.എസ് എന്നത് വർത്തമാനകാലത്ത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
‘ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി.എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വി.എസ്. കേരളത്തിലെ ഭൂമാഫികൾക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടും നടപടികളും കേരള ജനത ഒരിക്കലും മറക്കില്ല. സംഘടിത മതമൗലിക ഭീകര സംഘടനകൾ കേരളത്തിൽ പിടിമുറുക്കുന്നു എന്ന് സധൈര്യം തുറന്നു പറഞ്ഞ മുഖ്യമന്ത്രി കൂടിയായിരുന്നു വി.എസ് എന്നത് ഈ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. അദ്ദേഹം തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ആഴ്ച ആശുപത്രിയിലെത്തി മകൻ അരുൺകുമാറിനെ കണ്ട് വി.എസിന്റെ ആരോഗ്യ വിവരങ്ങൾ ആരാഞ്ഞിരുന്നു. വി.എസിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വി.എസ് ഇന്ന് വൈകീട്ട് 3.20 ഓടെയാണ് മരണപ്പെട്ടത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി.എ അരുൺ കുമാറിന്റെ വീട്ടിലായിരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസമാണ് പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
1923 ഒക്‌ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരെൻറയും അക്കമ്മയുടെയും മകനായാണ് ജനനം. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിർത്തേണ്ടിവന്നു. തുടര്‍ന്ന് മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.
2006 മുതൽ 2011 വരെ കേരളത്തിന്‍റെ 20ാം മുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.
കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ് രാഷ്ട്രീയപ്രവര്ത്തനത്തിെൻറ ആദ്യഘട്ടം പിന്നിട്ടത്. പി. കൃഷ്‌ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു അത്. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിച്ചേരുകയായിരുന്നു. അമേരിക്കന്‍ മോഡലിനുവേണ്ടിയുള്ള സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാഴ്‌ചപ്പാടിനെതിരായി ആലപ്പുഴയില്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിെൻറ മുന്‍നിരയില്‍ വി.എസ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് 1946 ഒക്‌ടോബര്‍ 28-ാം തീയതി പൊലീസ് പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ വെച്ച് ഭീകരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. മര്‍ദ്ദനത്തിനിടെ തോക്കിെൻറ ബയണറ്റ് കാല്‍വെള്ളയില്‍ ആണ്ടിറങ്ങി. ഇത്തരം കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അഞ്ചുവര്‍ഷവും ആറുമാസവും ജയില്‍ ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.