സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്‌’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്​ അടുത്ത അഞ്ച്​ ദിവസം ഒറ്റപ്പെട്ട ശക്​തമായ മഴ തുടരും. ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ‘ദിത്വ ചുഴലിക്കാറ്റ്‌’ സ്ഥിതി ചെയ്യുന്നുണ്ട്​. ഇത്​ ഞായറാഴ്ചയോടെ വടക്കൻ തമിഴ്നാട് -പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനാണ്​ സാധ്യത.

ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി.

അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും 56 പേർ മരിച്ചതായും 21 പേരെ കാണാനില്ലെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി.

കിഴക്കൻ ട്രി​ങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. 72 മണിക്കൂറിനിടെ 46 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ദ്വീപിൽ പ്രതികൂല കാലാവസ്ഥ തുടരുകയാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Rains to continue in Kerala for five days; Cyclone Ditva to hit Tamil Nadu-Andhra coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.