​​ഒടുവിൽ വിചിത്ര ഉത്തരവ് പിൻവലിച്ചു; ഇനി ലോക്കോ പൈലറ്റുമാർക്ക് ഹോമിയോ മരുന്ന് കഴിക്കാം, കരിക്കും കുടിക്കാം -MADHYAMAM IMPACT

തിരുവനന്തപുരം: ലോക്കോ പൈലറ്റുമാർ ജോലിക്ക് മുമ്പ് ഹോമിയോ മരുന്ന് കഴിക്കരുതെന്നും കരിക്കുവെള്ളം കുടിക്കരുതെന്നുമുള്ള വിചിത്ര ഉത്തരവ് ദക്ഷിണ റെയിൽ​വെ പിൻവലിച്ചു. ഈ മാസം 18ന് ഇറങ്ങിയ ഉത്തരവ് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്തുത നിർദേശം പിൻവലിച്ചുകൊണ്ട് 20ന് വീണ്ടും ഉത്തരവിറക്കിയത്. ഹോമിയോ മരുന്ന് വിലക്കിയതിനെതിരെ ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയമാകണം. സമീപകാലത്തായി ഇത്തരം പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇത്തരത്തിൽ പിടികൂടുന്നവരുടെ രക്ത സാമ്പിളുകൾ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിക്കുമ്പോൾ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും കഴിയുന്നില്ല. ഈ ‘പ്രതിഭാസം’ എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് ജീവനക്കാർ ഹോമിയോ മരുന്ന്, ശീതളപാനീയങ്ങൾ, ഇളനീർവെള്ളം, ചിലതരം വാഴപ്പഴങ്ങൾ, കഫ് സിറപ്പ്, മൗത്ത് വാഷ് എന്നിവ ഉപയോഗിക്കുന്നതാണ് ബ്രീത്ത് അനലൈസറിൽ ‘ബീപ് അടിക്കാൻ’ കാരണമെന്ന് റെയിൽവേ കണ്ടെത്തിയത്. ഇതോടെയാണ് ‘‘ഡ്യൂട്ടിക്ക് കയറുന്നതിനോ ഇറങ്ങുന്നതിനോ മുമ്പായി ഈ ഇനങ്ങൾ ഉപയോഗിക്കൽ പൂർണമായും നിരോധിച്ചിരിക്കുന്നു’’ എന്ന ഉത്തരവിറക്കിയത്. ഇനി ഇവ ഒഴിവാക്കാനാകാത്ത സാഹചര്യമാണെങ്കിൽ ഡ്യൂട്ടിയിലുള്ള ക്രൂ കൺട്രോളറെയും അദ്ദേഹം ചീഫ് ക്രൂ കൺട്രോളറെയും കാര്യകാരണസഹിതം രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചിരുന്നു.

പ്രമേഹത്തിന്‍റെയും ബി.പിയുടെയും മരുന്നുകൾ കഴിക്കുന്നത് വിലക്കി രണ്ടാഴ്ച മുമ്പാണ് മെഡിക്കൽ വിഭാഗം മറ്റൊരു ഉത്തരവിറക്കിയത്. ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ഉപയോഗം റെയിൽവേ മെഡിക്കൽ ഓഫിസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രം വേണമെന്നാണ് നിർദേശം. മാത്രമല്ല, ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാതെ ബ്രീത്ത് അനലൈസർ പരിശോധനയിൽ മദ്യം കണ്ടെത്തുന്നത് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് സമാനമായി കണ്ട് നടപടിയെടുക്കുമെന്ന ഭീഷണിയും ചീഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം ഇറക്കിയ ഉത്തരവിലുണ്ട്. അതേസമയം, ചക്കപ്പഴം കഴിച്ച് ഡ്യൂട്ടിക്ക് കയറിയാലും ഊതുമ്പോൾ ബീപ് അടിക്കുകയാണെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. 







 


 


Tags:    
News Summary - railway withdrawn strange order banning tender coconut and homeopathic medicines for loco pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.