രാഹുൽ മാങ്കൂട്ടത്തിൽ

രാഹുലിന്റെ അറസ്റ്റ് വിലക്ക് തുടരും; മുൻകൂർ ജാമ്യപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും. ൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹരജിയാണ് ഇന്ന് ഹൈകോടതി പരിഗണിച്ചത്. വിശദവാദം കേൾക്കാനായി ഹരജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റിൽ നിന്ന് രാഹുലിനുള്ള സംരക്ഷണം തുടരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരായി സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം കോടതി പരിഗണിക്കും. അപ്പീലിൽ ഉടൻ തീരുമാനമെടുക്കാതെ കോടതി മാറ്റുകയായിരുന്നു.സർക്കാറിന്റെ ഹരജിയിൽ രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്.

രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഈ കേസിൽ ഡിസംബർ 10നാണ് ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുൽ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളിൽ ഉണ്ട്.

ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി 23കാരി കെ.പി.സി.സി നേതൃത്വത്തിനാണ് ആദ്യം പരാതി നൽകിയത്. പിന്നീട് നേതൃത്വം പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നതും, പരാതി നൽകുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹരജി സമർപ്പിച്ചത്.

Tags:    
News Summary - Rahul's arrest ban to continue; anticipatory bail plea to be considered on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.