തൃശൂർ: സി.പി.എം എം.എൽ.എ മുകേഷും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും ചെയ്ത പ്രവൃത്തി ഒന്നുതന്നെയാണെന്നും മുകേഷ് പീഡിപ്പിച്ച സ്ത്രീക്കും മാനമുണ്ടന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ സ്ത്രീകൾക്കും മാനവും മര്യാദയും ഉണ്ട്. അതിനെതിരായിട്ട് ആരെങ്കിലും പ്രവർത്തിച്ചാൽ അത് ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതിനെയൊന്നും പാർട്ടി ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെങ്കിലും ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
‘സമാന കേസ് നേരിടുന്ന മുകേഷിന് പ്രത്യേകിച്ച് വലിയ മാന്യത വല്ലതും ഉണ്ടോ? രണ്ടും ചെയ്ത പ്രവൃത്തി ഒന്നു തന്നെയാണ്. സ്ത്രീകളുടെ നേരെ ആര് കളിച്ചാലും ശരിയല്ല. അത് മുകേഷ് ആണെങ്കിലും മാങ്കൂട്ടത്തിൽ ആണെങ്കിലും. പാർട്ടിക്ക് ആ കാര്യത്തിൽ വ്യക്തമായ സ്റ്റാൻഡ് ഉണ്ട്. ഞങ്ങൾ ആദ്യം തന്നെ ആക്ഷൻ എടുത്തു. സ്വർണം കട്ട കള്ളന്മാരും മറ്റേ കള്ളന്മാരും എല്ലാം കൂടി വന്നിട്ട് ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വരണ്ട. അത്രയേ ഉള്ളൂ’ -മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീക്ഷണം പത്രം മുഖപ്രസംഗം എഴുതിയത് സംബന്ധിച്ച ചോദ്യത്തിന്, പത്രത്തിന് അതിന്റെതായ സ്വാതന്ത്ര്യം പാർട്ടി എപ്പോഴും നൽകിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘പത്രത്തിന് പാർട്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായി എഴുതാൻ പാടില്ല. അങ്ങനെ എഴുതിയാൽ തിരുത്തേണ്ട സ്ഥലത്ത് പാർട്ടി തിരുത്തും. കുറ്റപത്രം സമർപ്പിച്ചിട്ട് പോലും മുകേഷിനെ പോലൊരാൾ എംഎൽഎ സ്ഥാനം രാജി വെക്കാതിരിക്കുകയും രാഹുൽ മാങ്കൂട്ടത്തിലിനെതിരായി വന്നപ്പോൾ മാത്രം ധാർമികത പറയുകയും ചെയ്യുന്നതിന്റെ തെറ്റുകൾ ചൂണ്ടി കാണിച്ചാണ് ആ പത്രം മുഖപ്രസംഗം എഴുതിയിട്ടുള്ളത്. അല്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാൻ പാർട്ടിയോ പാർട്ടി പത്രമോ തയ്യാറല്ല. രാഹുൽ മാങ്കൂട്ടത്തിനെ ഞങ്ങൾ അന്ന്തന്നെ പുറത്താക്കി. ആ ചാപ്റ്റർ ഞങ്ങൾ അന്നേ ക്ലോസ് ചെയ്തു. പക്ഷേ അതിന്റെ പേരിൽ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാൻ വരുന്നവർ അവരുടെ ജനപ്രതിനിധികളുടെ കാര്യത്തിലാണ് ആദ്യം മാതൃക കാണിക്കേണ്ടത്’ -അദ്ദേഹം പറഞ്ഞു.
‘സ്വർണക്കൊള്ള മറച്ചുവെക്കാൻ രാഹുൽ വിഷയം ഉയർത്തി കാണിച്ചാൽ അതേ രീതിയിൽ തന്നെ പ്രതിരോധിക്കാൻ കോൺഗ്രസും യുഡിഎഫും രംഗത്തുണ്ടാകും. ഇതിൻറെ പേരിൽ യുഡിഎഫിനെ ഇലക്ഷനിൽ പരാജയപ്പെടുത്താമെന്ന് മാർക്സിസ്റ്റ് പാർട്ടി കരുതണ്ട. ആ കാര്യത്തിൽ പാർട്ടി എടുത്ത നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുന്നുണ്ട്. അതിൽ ഒരു മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. നിരപരാധിത്വം രാഹുൽ തെളിയിക്കുന്നത് വരെ അദ്ദേഹത്തെ പാർട്ടിയിൽ തിരിച്ചെടുക്കില്ല’ -അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.