തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റുവെന്ന ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. കുഞ്ഞു മുറിവ് കൊണ്ട് വീണ ജോർജിന് ഇത്രയും വേദനച്ചുവെങ്കിൽ സർക്കാർ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് എത്ര വേദനിച്ച് കാണുമെന്ന് രാഹുൽ ചോദിച്ചു.
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഒരു വിഡിയോ പങ്കുവെച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കർ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരിൽ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിച്ചത്.
കണ്ണൂരിൽ ഔദ്യോഗിക പരിപാടികൾക്കായി എത്തിയ വീണ ജോർജിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ ഇന്ന് രാവിലെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തർകരെ മാറ്റിയാണ് മന്ത്രിക്ക് യാത്ര തുടരാനായത്.
കണ്ണൂരിൽ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിവിധ ഇടങ്ങളിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ആദ്യം കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂർ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു. തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കെ.എസ്.യു പ്രതിഷേധമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.