‘ഗർഭഛിദ്രത്തിന് ഞാൻ നിർബന്ധിച്ചെന്ന് ആരെങ്കിലും പരാതി പറഞ്ഞോ? ഇന്നത്തെ കാലത്ത് ഓഡിയോ ആർക്കും ഉണ്ടാക്കാം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല’ -ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

അടൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കുന്ന വിവരം അറിയിക്കാൻ അടൂരി​ലെ വീട്ടിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തനിക്കെതിരെ വന്ന ആരോപണങ്ങൾ മുഴുവൻ നിഷേധിച്ചു. രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു.

‘നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ല. പരാതി കെട്ടിച്ചമക്കാൻ ആർക്കും പ്രയാസമില്ല. ഓഡിയോ സംഭാഷണം ഈ കാലഘട്ടത്തിൽ ആർക്കും ഉണ്ടാക്കാം. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയാൽ അതിന് മറുപടി പറയാം’ -രാഹുൽ‌ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘പ്രതിപക്ഷ നേതാവുമായി എഐസിസി നേതാക്കളുമായി സംസാരിച്ചിരുന്നു. ആരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. യുവ നടി എന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല. എന്നെപ്പറ്റിയല്ല പറഞ്ഞതെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. ഞങ്ങൾ തമ്മിൽ ഇപ്പോഴും കമ്യൂണിക്കേഷൻ ഉണ്ട്. സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ശക്തമായ സമയമാണിത്. സി.പി.എമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. കത്ത് വിവാദം ശക്തമാണ്. ഈ ചർച്ചകളെ വ്യതിചലിപ്പിക്കാനാണ് ശ്രമം. ഞാൻ രാജ്യം വിട്ടു പോയിട്ടില്ല. ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയാണ്. സിപിഎം വിചാരിച്ചാൽ എളുപ്പത്തിൽ പരാതി ചമയ്ക്കാം. ഹണി ഭാസ്ക്കരൻ ഉന്നയിച്ച ആരോപണം തെളിയിക്കാൻ അവർക്ക് സാധിക്കുമോ. ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി ഭാസ്ക്കരൻ പുറത്തുവിട്ടത്. അതിനു താഴെയുള്ള ഭാഗം അവർ എന്തുക്കൊണ്ടാണ് പുറത്തുവിടാത്തത്. ഹണി ഭാസ്ക്കരനെപ്പറ്റി ഞാൻ മോശമായി ആരോട് സംസാരിച്ചു എന്നത് അവർ‌ തെളിയിക്കട്ടെ. പരാതി ഇല്ലാത്തിടത്തോളം ഞാനും ഹണി ഭാസ്ക്കരനും അയാളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താൽ തീരുന്നതേ ഉ​ള്ളൂ’ - രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

‘‘ഹണി ഭാസ്ക്കരൻ ചാറ്റുകളുടെ ബാക്കി ഭാഗം കൂടി കാണിക്കണം. മറ്റ് സ്ത്രീകളോട് മോശമായി പെരുമാറി എന്നു പറയുന്നതിന്റെ തെളിവ് പുറത്തുവിടട്ടെ. ഹണിയുമായി നടത്തിയ സംഭാഷണം പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈബർ ഇടത്തിൽ ആയിരക്കണക്കിന് ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ആളുകളിൽ നിന്നും വരുന്നത്. അതിൽ പരാതി കൊടുക്കാൻ നിന്നാൽ എന്റെ പരാതി മാത്രം വാങ്ങാൻ ഒരു പൊലീസ് സ്റ്റേഷൻ തുടങ്ങേണ്ടി വരും. നീലപ്പെട്ടി വിവാദത്തിലും മറ്റും എന്നെ വേട്ടയാടുകയായിരുന്നു. അന്ന് സൈബർ പോരാളികൾക്കെതിരെ ഞാൻ പരാതി നൽകിയിട്ടില്ല’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

യുവനടിയുടെ ആരോപണങ്ങളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. അടൂരിലെ തന്റെ വസതിയിൽ നാടകീയമായാണ് രാജി പ്രഖ്യാപനം നടത്തിയത്. 1.25 വരെ താൻ രാജിവെച്ചില്ല എന്ന് പറഞ്ഞ രാഹുൽ1.30 ഓ​ടെ രാജി പ്രഖ്യാക്കുകയായിരുന്നു.

Tags:    
News Summary - Rahul Mamkootathil challenges to prove allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.