കണ്ണൂർ: മോശമായി പെരുമാറിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ദീപകിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ. ദീപക്കിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. 24 മണിക്കൂറും ലഭ്യമാകുന്ന ഹെൽപ് ലൈനും ‘ഹോമീസ് മെൻ കീ ബാത്ത്’ എന്ന മൊബൈൽ ആപ്പും കൊണ്ടുവരുമെന്നും രാഹുൽ വ്യക്തമാക്കി.
ദീപക്കിന്‍റെ സ്മരണാർഥമാണ് ഹെൽപ് ലൈൻ സേവനം ആരംഭിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ ഇതിന്‍റെ നടപടി പൂർത്തിയാകും. പെൺകുട്ടിയോട് പ്രതികാരമില്ല. പക്ഷെ നീതി വേണം. നിയമം അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണം. വേറൊരാളുടെ കണ്ടന്‍റിന് വേണ്ടി പുരുഷന്മാരുടെ ജീവിതം നഷ്ടപ്പെടരുതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈകോടതിയെ സമീപിക്കും. ക്രൈംബ്രാഞ്ചോ സി.ബി.ഐയെയോ കേസ് അന്വേഷിക്കണം. അപകീർത്തികരമായ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുക്കണം. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്. മൊബൈൽ ഫോൺ അടക്കം ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കണം.
യുവതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് നൽകാൻ നിർദേശം നൽക്കണം. 11 മാസമായി പുരുഷ കമീഷൻ ബിൽ നിയമസഭയിൽ ഇരിക്കുകയാണ്. പെൺകുട്ടിക്കെതിരായ മോശം പരാമർശം പ്രോത്സാഹിപ്പിക്കില്ല. അത്തരക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.
അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ പങ്കുവെച്ച യുവതി ഒളിവിലെന്ന് വിവരം. വടകര ചോറോട് വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫ (35)ക്കെതിരെയാണ് കോഴിക്കോട് മെഡി. കോളജ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
തിങ്കളാഴ്ച യുവതിയുമായി വടകര പൊലീസ് സംസാരിച്ചിരുന്നു. മെഡി. കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യും മുമ്പാണ് യുവതി മുങ്ങിയതെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. വ്ലോഗറായ യുവതി മലപ്പുറം അരീക്കോട് പഞ്ചായത്തിൽ കഴിഞ്ഞ ടേമിൽ പഞ്ചായത്തംഗമായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് ഇവർ മത്സരിച്ചിരുന്നത്. ഇവരുടെ ഭർതൃവീട് അരീക്കോടാണ്.
യുവതിയെ കണ്ടെത്താനായി മെഡി. കോളജ് പൊലീസ് അന്വേഷണം ഊർജിതമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാൽ മുൻകൂർ ജാമ്യത്തിനുള്ള ശ്രമം യുവതി ആരംഭിച്ചതായാണ് സൂചന. യുവതിയോട് മൊബൈൽ ഫോണിൽ നിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനക്കയക്കും. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതിന് ശേഷമാണോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.
യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാമന്തളി-പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. ബസിൽവെച്ച് ഇത്തരത്തിൽ യുവാവ് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ ക്കുറിച്ച് അറിയില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.