കൊണ്ടോട്ടി: വിസയില്ലാതെ ഖത്തറിലേക്ക് പോകുന്നതിനുളള അനുമതിയായെങ്കിലും അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയടക്കം 80 രാജ്യങ്ങളിൽ നിന്നുളളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ ആഗസ്റ്റ് ഒമ്പതിനാണ് ഖത്തർ അനുമതി നൽകിയത്. പുതിയ നിർദേശം പ്രാബല്യത്തിൽ വന്നെങ്കിൽ കേരളത്തിൽ നിന്നുളള വിമാനത്താവളങ്ങളിൽ ഇത് വരെ നടപ്പായില്ല.
വിസയില്ലാതെ യാത്ര അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തങ്ങൾക്ക് യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നായി മൂന്ന് പേർ പുതിയ സംവിധാനത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഇമിഗ്രേഷൻ അധികൃതർ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് പുതിയ സംവിധാനത്തെ പറ്റി പറഞ്ഞപ്പോൾ ഏറെ നേരത്തിന് ശേഷം അനുമതി നൽകുകയായിരുന്നു.
വിസയില്ലാതെ ഖത്തറിലേക്ക് പോകുന്നതിന് അനുമതി ലഭിച്ചതിനെ തുടർന്ന് ട്രാവൽ ഏജൻസികളിലടക്കം നിരവധി പേരാണ് അന്വേഷിച്ച് എത്തുന്നത്. ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുളളവർക്ക് 30 ദിവസത്തേക്കാണ് അനുമതി നൽകുക. ആവശ്യമെങ്കിൽ 30 ദിവസത്തേക്ക് കൂടി നീട്ടിനൽകും. ബാക്കി 33 രാജ്യങ്ങളിൽ നിന്നുളളവർക്ക് 90 ദിവസത്തേക്കാണ് അനുമതി നൽകുക. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും മടക്കയാത്രക്കുളള ടിക്കറ്റും ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കുമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.