മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ പി.വി. അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടിയിൽ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
നിലമ്പൂരിൽ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനിടയിലാണ് അൻവർ ഇന്ന് രാവിലെതന്നെ ജിഫ്രി തങ്ങളെ കാണാൻ പോയത്. ദിവസങ്ങൾക്ക് മുമ്പ് പി.വി. അൻവർ, എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചിരുന്നു. കോഴിക്കോട് കാരന്തൂർ മർക്കസിലെത്തിയായിരുന്നു കൂടിക്കാഴ്ച.
പ്രചാരണത്തിന്റെ ആദ്യനാളുകളിൽ വലിയ സാന്നിധ്യമാകാതിരുന്ന പി.വി. അൻവർ അവസാന ലാപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്ററും തൃണമൂൽ എം.പിയുമായ യൂസഫ് പത്താനെ ഇറക്കി റോഡ് ഷോ നടത്തിയിരുന്നു.
അതേസമയം, ഇന്ന് വൈകീട്ട് ആറിന് ശബ്ദപ്രചാരണത്തിന് സമാപനമാകും. വൈകീട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂർ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തിൽ സംഘർഷം ഒഴിവാക്കാൻ വിവിധ സ്ഥാനാർഥികൾക്ക് പൊലീസ് വെവ്വേറെ സ്ഥലം നിശ്ചയിച്ചുനൽകിയിട്ടുണ്ട്. എന്നാൽ, കൊട്ടിക്കലാശത്തിന് ഇല്ലെന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാളെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.