പുനർജനി പദ്ധതി: വി.ഡി സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസിന്‍റെ ശിപാർശ. പദ്ധതിക്ക് ഫണ്ട് പിരിച്ചതിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ശിപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശിപാർശ ചെയ്തത്.

നേരത്തേ ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ എം.എൽ.എ. പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. പ്രദേശത്ത് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്.

പദ്ധതിക്കു വേണ്ടി കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നായിരുന്നു പരാതി. എഫ്‌.സി.ആർ.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ച് അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശിപാർശക്കുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതു സംബന്ധിച്ച മറ്റ് കാര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത തീരുമാനിക്കുമെന്നാണ് വിവരം.

2018 ലെ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് പുനർജനി എന്ന പദ്ധതി പ്രകാരം വീട്‌ വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്‌.സി.ആർ.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നത്.

എഫ്.സി.ആർ.എ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം രണ്ടിലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. യു.കെയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകൾക്കുവേണ്ടി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി സതീശൻ അഭ്യർഥിക്കുന്ന വിഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിട്ടുണ്ട്.

മണപ്പാട്ട് ഫൗണ്ടേഷൻ എന്ന പേരിൽ പുനർജനി പദ്ധതിക്കായി ഫൗണ്ടേഷൻ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യു.കെയിൽ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളിൽ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചുവെന്നാണ് വിജിലൻസസിന്റെ കണ്ടെത്തൽ. യു.കെ ആസ്ഥാനമായുള്ള മിഡ്‌ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് എന്ന എൻ.ജി.ഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌.സി.ആർ.എ അക്കൗണ്ടിലേക്ക് പണം അയച്ചത്. 

പുനർജനി പദ്ധതിയിൽ വിജിലൻസ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശനെതിരെ ഇ.ഡിയും അന്വേഷണം നടത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.

Tags:    
News Summary - Punarjani Project: Recommendation for CBI investigation against V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.