തൊടുപുഴ: വന്യമൃഗങ്ങളുടെ ഭീഷണിയും പ്രതികൂല കാലാവസ്ഥയും മൂലം ഇടമലക്കുടി ട്രൈബൽ എൽ.പി സ്കൂളിൽ കുട്ടികൾ കുറഞ്ഞതോടെ കർമപദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്ത്. കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പ്രത്യേക കാമ്പയിൻ ഒരുക്കുന്നത്. കുട്ടികൾക്ക് സ്കൂളിലെത്താനുള്ള പ്രയാസം ചൂണ്ടിക്കാട്ടി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ 25 കുട്ടികൾ എത്തി. ഒന്നാം ക്ലാസിൽ പതിനഞ്ച് കുട്ടികൾ എത്തി. മുക്ക്തറ, നെൽമണൽ തുടങ്ങി വിദൂരകുടികളിൽ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും തലേദിവസം എത്തി സ്കൂളിനോട് ചേർന്ന ബന്ധുവീടുകളിൽ താമസിച്ചാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്ത്. കിലോ മീറ്ററുകൾ നടന്നും ജീപ്പുകളിലുമായാണ് പലരും എത്തിയത്.
കുട്ടികളെ ബാഗ്, കുട, നോട്ട്, ബുക്ക്, പേന, പെൻസിൽ എന്നിവയടക്കമുള്ള കിറ്റ് നൽകി അധ്യാപകർ വരവേറ്റു. പഠനം ഉപേക്ഷിച്ചവരും വീടുകളിൽ കഴിയുന്നവരുമായ കുട്ടികളെ കണ്ടെത്തി സ്കൂളിൽ എത്തിക്കാൻ പഞ്ചായത്തിന്റെ കൂടി സഹായത്തോടെ കുടി സന്ദർശനം നടത്തുമെന്ന് പ്രധാന അധ്യാപകൻ സതീഷ് വർക്കി ‘മാധ്യമ’ത്തോട് പറഞ്ഞു. മഴയും വന്യമൃഗശല്യവുമാണ് കുട്ടികൾക്ക് സ്കൂളിലെത്താൻ പ്രയാസമുണ്ടാക്കുന്നത്. ഇതിനെ നേരിടാനുള്ള ശ്രമങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷം മുമ്പ് പഴയ ഹോസ്റ്റൽ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തതിനെ തുടർന്ന് കുട്ടികൾ താമസസൗകര്യമില്ലാതെ വീടുകളിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കുട്ടികൾക്കായി പഴയ സ്കൂൾ കെട്ടിടത്തിൽ ഹോസ്റ്റൽ സൗകര്യം തയാറാക്കി. ഒന്ന് മുതലുള്ള കുട്ടികൾക്ക് ഇവിടെ താമസിച്ച് പഠിക്കാവുന്ന രീതിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാർഡൻ, കുക്ക്, വാച്ചർ എന്നിവർ ഉണ്ടാകും. ദിവസേന വീടുകളിൽനിന്ന് പോയിവരുന്ന കുട്ടികളെ കൊണ്ടുവരാനും വിടാനും രണ്ട് വളന്റിയർമാരെ നിയമിക്കാനും തീരുമാനിച്ചു. മുതുവാൻ ഭാഷ സംസാരിക്കുന്ന കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പ്രത്യേകഭാഷ പാക്കേജായ പഠിപ്പുറസിയും ഇത്തവണ വിപുലമാക്കുമെന്ന് ജില്ല പ്രോജക്ട് കോഓഡിനേറ്റർ എം.എം. ഷാജഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.