തൃശൂർ: സംസ്ഥാനത്ത് റേഷന്‍ വിതരണം താളംതെറ്റി. റേഷൻ കടകളിൽ മൂന്നുമാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രം. പഞ്ചസാര വിതരണം പൂർണമായി നിർത്തി. മണ്ണെണ്ണയും ഗോതമ്പും വെട്ടിച്ചുരുക്കി. കേരളത്തിൽ പച്ചരിയുടെ ഉപയോഗം കാര്യമായി പലഹാര ആവശ്യങ്ങൾക്കാണ്. കഴിഞ്ഞ മാസം നോമ്പുകാലം കൂടിയായതിനാൽ അരിക്ഷാമം അത്ര പ്രകടമായിരുന്നില്ല.
അടുത്ത മാസവും പച്ചരിതന്നെയാണ് എത്തുകയെന്നാണ് വിവരമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ പറഞ്ഞു. ജി.എസ്.ടി വന്നതോടെ വിൽപനവിലയിൽ വ്യക്തത വരാത്തതിനാൽ ഈ മാസം മണ്ണെണ്ണ വിതരണം നിർത്തിവെക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിട്ടിരിക്കുകയാണ്. ഇനിയൊരു നിർദേശം വരുന്നതുവരെ മണ്ണെണ്ണ വിതരണമില്ല. വിൽപനവിലയിൽ വ്യക്തത വേണമെന്നാണ് വിശദീകരണം. സംസ്ഥാനത്ത് വൈദ്യുതീകരിച്ച വീടുള്ള 77,40,820 കാർഡുടമകളുണ്ട്; വൈദ്യുതീകരിക്കാത്ത 2,77,210 കാർഡുടമകളും. വൈദ്യുതീകരിച്ച വീടുള്ളവർക്ക് അര ലിറ്ററാണ് പ്രതിമാസ മണ്ണെണ്ണ വിഹിതം. അല്ലാത്തവർക്ക് നാല് ലിറ്ററും.
ഏപ്രിൽ മുതൽ കേന്ദ്രം പഞ്ചസാര സബ്സിഡി നിർത്തിയതോടെ റേഷൻ കട വഴിയുള്ള പഞ്ചസാര വിതരണവും പൂർണമായും നിലച്ചു. മുൻഗണന പട്ടികയിൽപെട്ടവർക്ക് ആളൊന്നിന് 250 ഗ്രാം പഞ്ചസാര; അതായത്, നാലുപേരുള്ള കുടുംബത്തിന് 13.35 രൂപക്ക് ഒരു കിലോ പഞ്ചസാര കിട്ടിയിരുന്നു. പൊതുവിപണിയിൽ 47 രൂപ വരെ വിലയുള്ളപ്പോൾ വലിയൊരു വിഭാഗത്തിന് ഇത് ആശ്വാസമായിരുന്നു. 35 രൂപ മുതൽ 40 രൂപവരെ കൊടുത്താണ് സപ്ലൈകോയിൽനിന്ന് റേഷനുള്ള പഞ്ചസാരയെടുത്തിരുന്നത്. ഇതിൽ 18.50 രൂപ കേന്ദ്രവും ബാക്കി തുക സംസ്ഥാന സർക്കാറുമാണ് നൽകിയിരുന്നത്. കേന്ദ്രം സബ്സിഡി നിർത്തിയതോടെ മുഴുവൻ പണവും ഇനി സംസ്ഥാന സർക്കാർ വഹിക്കണമെന്ന ബാധ്യത വന്നതോടെയാണ് പഞ്ചസാര വിതരണം നിർത്താൻ ഇടയാക്കിയത്.
പുഴുക്കലരിക്കാണ് സംസ്ഥാനത്ത് ആവശ്യക്കാരുള്ളത്. പച്ചരിച്ചോറ് കഴിക്കുന്നവർ കുറവാണ്. പുഴുക്കലരിയും ഗോതമ്പും കുറച്ചുമാത്രമാണ് എത്തിയത്. വാതിൽപടി വിതരണം എത്തിയപ്പോൾ ഇത് അർഹതപ്പെട്ടനിലയിൽ ജനങ്ങൾ വാങ്ങിക്കുകയാണ്. കേന്ദ്രം അരി അനുവദിക്കാത്തതാണ് റേഷൻ കടകളിലെ അരിക്ഷാമത്തിന് കാരണമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഓണത്തിന് ഒരു മാസംമാത്രം അവശേഷിക്കേ, ഏതുതരത്തിലുള്ള അരിയാകും ലഭിക്കുകയെന്നതിനെ കുറിച്ച് ആശങ്കയിലാണ് അസോസിയേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.