പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പ്: കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്‍.സി കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പു കേസിലെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച്. പ്രതിസ്ഥാനത്തുണ്ടായിരുന്ന പല ഉദ്യോഗസ്ഥരെയും സാക്ഷികളാക്കിയാകും കുറ്റപത്രം സമർപ്പിക്കുക. പ്രതിയായ സിവിൽ പൊലീസ് ഓഫിസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച് സർക്കാറിനോട് അനുമതി തേടി. ഗോകുൽ ജോലിക്ക് ഹാജരായതായി രജിസ്റ്ററിൽ കൃത്രിമം കാട്ടിയെന്ന കേസിലെ പ്രതിസ്ഥാനത്തുള്ള മൂന്നു പൊലീസുകാരെയും പരീക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സാക്ഷികളാക്കും.

സംഭവത്തിലെ പ്രധാന തൊണ്ടിമുതലുകളായ സ്മാർട്ട് വാച്ചും മൊബൈൽഫോണും നശിപ്പിക്കപ്പെട്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രമാകും സമർപ്പിക്കുക. കോളിളക്കം സൃഷ്ടിച്ച കേസിൽ രണ്ടര വർഷത്തിന് ശേഷമാണ് കുറ്റപത്രം തയാറാവുന്നത്. യൂനിവേഴ്സിറ്റി കോളജിലെ അക്കാലത്തെ എസ്.എഫ്.ഐ നേതാക്കളായിരുന്നവരാണ് പ്രധാന പ്രതികൾ. ഇവർക്ക് പരീക്ഷയുടെ ഉത്തരങ്ങൾ മൊബൈൽ ഫോണ്‍ വഴി അയച്ചത് ഗോകുലാണെന്ന് കണ്ടെത്തിയിരുന്നു. യൂനിവേഴ്സിറ്റി കോളജിലെ മുൻ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് സ്മാർട്ട് വാച്ചും മൊബൈൽ ഫോണും ഉപയോഗിച്ച് പരീക്ഷാതട്ടിപ്പ് നടത്തി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിൽ ഉന്നത റാങ്കോടെ ഇടംപിടിച്ചത്.

2018 ആഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. എസ്.എഫ്.ഐ നേതാക്കളായിരുന്നവർ ചോദ്യപേപ്പറിന്‍റെ ഫോട്ടോയെടുത്ത് സുഹൃത്തായ പൊലീസുകാരൻ ഗോകുലിന് അയച്ചുകൊടുത്തു. ഗോകുലും മറ്റു രണ്ട് സുഹൃത്തുക്കളായ സഫീറും പ്രവീണും ചേർന്ന് ഉത്തരങ്ങള്‍ തയാറാക്കി പ്രതികളുടെ സ്മാർട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു. പരീക്ഷ എഴുതിയവർ ഉയർന്ന മാ‍ർക്കുവാങ്ങി റാങ്ക് പട്ടിയിൽ ഇടംനേടിയതോടെയാണ് സംഭവം വിവാദമായത്. യൂനിവേഴ്സിറ്റി കോളജിലെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റ സംഭവം വിവാദമായപ്പോൾ ഇക്കാര്യങ്ങളും പുറത്തുവരുകയായിരുന്നു.

എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനായ ഗോകുൽ സംഭവദിവസം ജോലിക്ക് ഹാജരായിരുന്നില്ല. എന്നാല്‍, ഗോകുൽ ജോലിക്ക് ഹാജരായെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു മൂന്നു പൊലീസുകാർ ചേർന്ന് ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി. വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുൾപ്പെടെ നാലു പൊലീസുകാർക്കെതിരെ മറ്റൊരു കേസുമെടുത്തിട്ടുണ്ട്. പക്ഷേ, സാധാരണ നടത്തുന്ന ക്രമീകരണമാണ് ഇവർ നടത്തിയതെന്നും ബോധപൂർവം കുറ്റകൃത്യത്തിൽ പൊലീസുകാർ പങ്കാളികളല്ലെന്നും ചൂണ്ടിക്കാട്ടി പൊലീസുകാരുടെ സംഘടന ഡി.ജി.പിയെ സമീപിച്ചു. ഇത് പരിഗണിച്ച് ഇവരെ ഒഴിവാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

Tags:    
News Summary - PSC Constable Exam Fraud: Crime Branch ready to file chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.