ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് പി.എസ്.സി ചെയർമാനും അംഗങ്ങളും; നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സർക്കാറിന് കത്ത് നൽകി. അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉന്നയിച്ച് എസ്.ഐ.ടി കത്ത് നൽകിയത്. അതിനിടെ, പരീക്ഷ ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്ന നിലപാട് പി.എസ്.സി അംഗങ്ങൾ സ്വീകരിച്ചു.

ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചതായാണ് വിവരം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്താനുള്ള നീക്കത്തിൽ പി.എസ്.സി അംഗങ്ങൾ കടുത്ത അതൃപ്തിയിലാണ്. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി അവിടെ ഹാജരാകാനാകില്ലെന്ന് പി.എസ്‍.സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയതായാണ് വിവരം. ഈ മാസം 15 മുതൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചുള്ള ക്രൈംബ്രാഞ്ച് നോട്ടീസിൽ നിയമോപദേശം തേടാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയിൽ പി.എസ്‍.സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഇത് പുതിയ ഭരണപരമായ തർക്കത്തിലേക്ക് നീങ്ങാനാണ് സാധ്യത. ഈ സാഹചര്യം നിലനിൽക്കെയാണ് വിവാദമായ ആസൂത്രണ ബോർഡ് നിയമനം പുനഃപരിശോധിക്കാൻ സർക്കാറിന് ക്രൈംബ്രാഞ്ച് കത്ത് നൽകിയത്. നിയമന ശിപാർശ നൽകി ഒരുവർഷം കഴിഞ്ഞതിനാൽ ഇക്കാര്യത്തിൽ സർക്കാറിന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്നതിനലാണ് കത്ത് നൽകിയതെന്നാണ് വിവരം. പരീക്ഷയിൽ തട്ടിപ്പ് നടന്നെന്ന ഉറച്ച വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നിർണായക നീക്കം. ക്രൈംബ്രാഞ്ചിന്‍റെ കത്ത് സർക്കാർ ആസൂത്രണ ബോർഡിനും പി.എസ്.സിക്കും കൈമാറും.

Tags:    
News Summary - PSC chairman and members will not appear for questioning key words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.