ചിറയിൻകീഴിലെ കൈയാങ്കളി: രമ്യക്കെതിരെ കടുത്ത നടപടിയില്ല
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെതിരെ എം.എൽ.എ എന്ന പരിഗണനയിൽ കടുത്ത നടപടികൾ ഒഴിവാക്കാൻ ആലോചന. താക്കീതിൽ നടപടി പരിമിതപ്പെടുത്തുമെന്നാണ് വിവരം. അതേ സമയം, പാളയം പ്രദീപിനെ ചിറയിൻകീഴിൽനിന്ന് പൂർണമായും മാറ്റിനിർത്തും. മണ്ഡലത്തിലെ ഒരുകാര്യത്തിലും പ്രദീപിന്റെ ഇടപെടലുണ്ടാകരുതെന്നാണ് നിർദേശം. ഇക്കാര്യത്തിൽ കടുത്ത നിലപാടിലാണ് കെ.പി.സി.സി. ഈ വിവരം എം.എൽ.എയെയും അറിയിച്ചിട്ടുണ്ട്. പാർട്ടി അച്ചടക്ക നടപടിയെടുത്തയാളെ തന്റെ സ്റ്റാഫിലുൾപ്പെടുത്താൻ രമ്യ ഹരിദാസ് നടത്തിയ നീക്കത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യം രമ്യയെ അറിയിക്കും. എന്നാൽ, ഇത് തെളിയിക്കുംവിധം രേഖാമൂലമുള്ള തെളിവില്ലാത്തത് രമ്യക്ക് ആശ്വാസമാണ്.
കടുത്ത നടപടിയെടുത്ത് പ്രശ്നത്തിന്റെ വ്യാപ്തി വലുതാക്കേണ്ടെന്ന അനുനയ ലൈനാണ് കെ.പി.സി.സിക്ക്. കൂടുതൽ ചർച്ചകളിലേക്ക് കൊണ്ടുപോകാതെ വിഷയം അവസാനിപ്പിക്കാനാണ് നീക്കം. പ്രാദേശിക വിയോജിപ്പുകളുടെ പ്രധാന കാരണം ചിറയിൻകീഴ് മണ്ഡലത്തിലെ ഔദ്യോഗിക യോഗങ്ങളിലും മറ്റും പാളയം പ്രദീപ് പങ്കെടുക്കുന്നതാണ്. ഇക്കാര്യങ്ങളിൽ കൃത്യമായ തീരുമാനമെടുക്കുന്നത് വഴി പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകും. മറുഭാഗത്ത് എം.എൽ.എയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച സംഭവത്തിൽ ഒരാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ പാർട്ടി താക്കീതിനും സാധ്യതയുണ്ട്. പൊലീസിൽ നൽകിയ പരാതികളുടെ കാര്യത്തിലാണ് ഇനി തീരുമാനമുണ്ടാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.