മെസ്സിയുടെ പേരിലെ തട്ടിപ്പ്: വായ്പയെന്ന സ്പോൺസറുടെ വാദം നിലനിൽക്കില്ലെന്ന് എസ്.ഐ.ടി

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയേയും അർജന്‍റീന ഫുട്ബാൾ ടീമിനേയും കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്ന ക്രമക്കേടിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർ.ബി.സി) അക്കൗണ്ടിൽ വന്ന 213 കോടി രൂപ വായ്പയെന്ന വാദം നിലനിൽക്കില്ലെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘം.

സ്വകാര്യ ചിട്ടി സ്ഥാപനം 137.15 കോടി നൽകിയെന്നാണ് അവകാശപ്പെടുന്നത്. ഇതിൽ റിപ്പോർട്ടർ കമ്പനിയുടെ ബോർഡ് പാസാക്കിയതായി കാണിച്ചത് നൂറ് കോടിയുടെ ഇടപാട് മാത്രമാണെന്നും ബാക്കി 37.15 കോടി വന്നത് എങ്ങനെയെന്നതിൽ വ്യക്തതയില്ലെന്നും എസ്.ഐ.ടി പറയുന്നു. ചിട്ടിക്കമ്പനിയുടെ ഡയറക്ടർ ബോർഡും ഇത്ര വലിയ തുകയുടെ കൈമാറ്റം അംഗീകരിച്ചതായി രേഖയില്ല. തിരിച്ചടവ് വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും ഈടായി കാണിച്ചത് ഒപ്പിട്ട ചെക്കുകൾ മാത്രമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

രണ്ടാം സ്വകാര്യ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ 75 കോടിക്കും ഈടായി കാണിച്ചത് മൂല്യം പെരുപ്പിച്ചു കാട്ടിയ വസ്തുവാണെന്നും എസ്.ഐ.ടി ആരോപിക്കുന്നു. 2024ൽ തൃക്കാക്കര നോർത്ത് വില്ലേജിലെ വസ്തുവിന് മൂല്യം നിശ്ചയിച്ചത് 9.94 കോടി രൂപയായിരുന്നു. എന്നാൽ ഒരു വർഷം കൊണ്ട് മൂല്യം 15 ഇരട്ടിയായി. 154 കോടി മൂല്യമുള്ളതായി കാണിച്ച് 75 കോടി വായ്പയായി സംഘടിപ്പിച്ചു. അസാധാരണമായി മൂല്യം കൂട്ടി കാണിച്ചത് രജിസ്ട്രേഷൻ വകുപ്പ് അന്വേഷിക്കണമെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.

മെസ്സിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്നാണ് ജി.എസ്.ടി പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സ്പോണ്‍സറിൽ നിന്ന് നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ശിപാർശയുണ്ട്.

അതിനിടെ മെസ്സിയെ കൊണ്ടുവരാൻ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നിയോഗിച്ച എസ്.ഐ.ടി അന്വേഷണവും പുരോഗമിക്കുകയാണ്. മെസ്സിയെ കൊണ്ടുവരാൻ എന്ന പേരിലെ പ്രൊപ്പോസൽ സമർപ്പിച്ച സ്ഥാപനത്തിന്‍റെ ആധികാരികത ഉൾപ്പെടെ കാര്യങ്ങളിൽ സംഘം പ്രാഥമിക പരിശോധന ആരംഭിച്ചതായാണ് വിവരം.

Tags:    
News Summary - Messi fraud case: SIT states sponsor's claim of loan is unsustainable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.