കൊല്ലത്ത് സർവേ തുടങ്ങും മുമ്പേ പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നിട്ടു, ജഡ്ജിക്ക് ആത്മഹത്യാകുറിപ്പ്

കൊല്ലം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗാമായുള്ള കല്ലിടിനെതിരെ കൊല്ലം തഴുത്തലയിൽ വലിയ പ്രതിഷേധം. ബുധനാഴ്ച ഉദ്യോഗസ്ഥർ എത്തുമെന്ന് അറിഞ്ഞതോടെയാണ് രാവിലെ മുതൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

വീടിന് മുമ്പിൽ ഗ്യാസ് സിലിണ്ടർ തുറന്നുവെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ വന്നാൽ ഇതിന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നാണ് വീട്ടുടമയുടെ ഭീഷണി. ഇതോടൊപ്പം ജില്ലാ ജഡ്ജിക്കായി ആത്മഹത്യാ കുറിപ്പും എഴുതിവെച്ചിട്ടുണ്ട്. മരണത്തിന് ഉത്തരവാദി കെ റെയിൽ ഉദ്യോഗസ്ഥരും പൊലീസുകാരുമായിരിക്കുമെന്നാണ് കത്തിലുള്ളത്.

ഡിസംബർ 20നും ഇവിടെ സർവേ നടന്നിരുന്നു. അന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇവിടെ ഉണ്ടായത്. അതിന് സമാനമായ രീതിയിലാണ് ബുധനാഴ്ചയും. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിൽ ഇന്ന് കല്ലിടൽ തുടങ്ങും

സിൽവർ ലൈൻ പദ്ധതിക്കുള്ള കല്ലിടൽ പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച തുടങ്ങും. സർവേക്ക്​ അനുകൂലമായ കോടതി വിധികളുടെ പശ്ചാത്തലത്തിലും ശക്തമായ പ്രതിരോധവുമായി മു​ന്നോട്ടുപോകാനാണ്​ സമര സമിതിയുടെ തീരുമാനം.

കല്ലിടലിന്​ സുരക്ഷ ഒരുക്കാൻ ഡിവൈ.എസ്​.പിമാരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണമാണ് പൊലീസ് ഒരുക്കുന്നത്. സമീപത്തെ എല്ലാ സ്റ്റേഷനിൽനിന്നുള്ള പൊലീസുകാരോടും കല്ലിടൽ ഡ്യൂട്ടിക്ക് ആറന്മുളയിൽ എത്താൻ നിർദേമുണ്ട്​. കല്ലിടൽ തടയുമെന്ന്​ യു.ഡി.എഫും ബിജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്​. അതിനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്​.

ജില്ലയിൽ കടമ്പനാട്, പള്ളിക്കൽ, പന്തളം, ആറന്മുള, കിടങ്ങന്നൂർ, കോയിപ്രം, ഇരവിപേരൂർ, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം വില്ലേജുകളിലൂടെയാണ്​ സിൽവർ ലൈൻ കടന്നുപോകുന്നത്​. മൊത്തം 21 കിലോമീറ്റർ ദൂരം. ജില്ലയിൽ ആകെ 44.71 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിൽ 80 ശതമാനം സ്ഥലങ്ങളും തിരുവല്ല, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെട്ടവയാണ്.

സർവേ പ്രകാരം തിരുവല്ല, മല്ലപ്പള്ളി മേഖലകളിൽ 400 ഓളം വീടുകൾ നഷ്ടമായേക്കാമെന്നാണ് കരുതുന്നത്. ഇരവിപേരൂർ, കുന്നന്താനം പഞ്ചായത്തിലാണ് ഇതിൽ ഭൂരിഭാഗവും ഉൾപ്പെട്ടിരിക്കുന്നത്. ഭാഗികമായി പൊളിക്കേണ്ട വീടുകളുടെ എണ്ണം 800ഓളം വരും. റെയിൽ പാതക്കായി നദിക്ക് കുറുകെ ജില്ലയിൽ പാലങ്ങൾ വേണ്ടിവരും. ആറാട്ടുപുഴക്ക്​ സമീപം പമ്പാ നദിയിലും ഇരവിപേരൂരിനും കല്ലൂപ്പാറക്കും ഇടയിൽ മണിമലയാറ്റിലുമാണ് പാലങ്ങൾ നിർമിക്കേണ്ടിവരിക.

നഗരപ്രദേശങ്ങളിൽ മേൽപാലങ്ങൾ നിർമിക്കാനും ഗ്രാമങ്ങളിൽ മണ്ണിട്ടുയർത്തി പാത നിർമിക്കാനുമാണ് ഉദ്ദേശിക്കുന്നത്​. 11 ജില്ലകളിൽ കൂടി നിർദിഷ്ട പാത കടന്നുപോകുന്നുണ്ട്. ഇതിൽ സ്റ്റേഷനോ സ്റ്റോപ്പോ ഇല്ലാത്ത ജില്ല കൂടിയാണ് പത്തനംതിട്ട. ആലപ്പുഴ ജില്ലയിലെ സ്റ്റോപ് ചെങ്ങന്നൂരിന്​ സമീപം പിരളശ്ശേരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജില്ലയിൽ സിൽവർലൈൻ കടന്നുപോകുന്ന മേഖലയിലെ പഞ്ചായത്ത് പ്രസിഡന്‍റുമാർ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം നേരത്തേ കലക്ടർ വിളിച്ചുകൂട്ടിയിരുന്നു. അതിനിടെ പദ്ധതിക്ക്​ അനുകൂലമായ പ്രചാരണവുമായി സി.പി.എം, ഡി.വൈ.എഫ്​.ഐ പ്രവർത്തകരും വീട്​ നഷ്ടപ്പെടുന്നവരുടെ വീടുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ടുണ്ട്​.  

Tags:    
News Summary - Protest before survey begins in Kollam; The gas cylinder is opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.