തിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണം ഉൾപ്പെടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടി നീതികേടാണെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടാകാത്തതിന് കാരണം ധനവകുപ്പിന്റെ നിലപാടുകളാണ്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച പണിമുടക്ക് കടുപ്പിക്കാൻ തീരുമാനിച്ചു.
അത്യാഹിത വിഭാഗമൊഴികെ മറ്റൊരിടത്തും ഡോക്ടർമാർ ജോലിക്ക് എത്തില്ലെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. അസി. പ്രൊഫസർമാരുടെടെ ശമ്പള നിർണയ അപാകത പരിഹരിക്കേണ്ടത് ധനവകുപ്പാണ്. ശമ്പളപരിഷ്കരണ ഫയലും ധനവകുപ്പിലാണ്. പുതിയ മെഡിക്കൽ കോളജുകളിൽ തസ്തിക സൃഷ്ടിക്കേണ്ടതും ധനവകുപ്പാണ്. ഇക്കാര്യത്തിൽ ഒരുറപ്പും നൽകാൻ ധനവകുപ്പിനോ ആരോഗ്യവകുപ്പിനോ കഴിയുന്നില്ല.
ഡോക്ടർമാരെ ബാധിക്കുന്ന വിഷയങ്ങളിൽ ധനവകുപ്പിന്റെ നിലപാടിൽ ഡോക്ടർമാർ കടുത്ത അതൃപ്തിയിലാണ്. ധനമന്ത്രിയുമായി ചർച്ചവേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും മന്ത്രി ഉറപ്പ് നൽകിയില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവോ ധനകാര്യവകുപ്പിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.