കിളിമാനൂരിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി

കിളിമാനൂർ: തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്ക് കിളിമാനൂരിൽ യൂത്ത് കോൺഗ്രസുകാരുടെ കരിങ്കൊടി. കിളിമാനൂർ വാഹന അപകടത്തിൽ മരിച്ച ദമ്പതിമാരുടെ കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസുകാർ നിരാഹാര സത്യാഗ്രഹം നടത്തുകയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി ഇതുവഴി യാത്ര ചെയ്യുന്നത് അറിയുന്നത്. തുടർന്ന് യുവാക്കൾ കരിങ്കൊടിയുമായി വാഹനവ്യൂഹത്തിനിടയിലേക്ക് എടുത്ത് ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖില എ.പി, ദീപുരാജ്, അജയ്. ജെ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

യൂത്ത് കോൺഗ്രസിന്‍റെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജി.ജി ഗിരികൃഷ്ണൻ, കെ.എസ്‍.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കണ്ണൻ പുല്ലയിൽ എന്നിവരുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം നടക്കുന്നത്. മുഖ്യപ്രതിയും വാഹന ഉടമയുമായ ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത് സ്വാഗതാർഹമാണെന്ന് സമരക്കാർ പറയുന്നു. എന്നാൽ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്ന മറ്റ് രണ്ട് പ്രതികളെയും അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വലിയ ചികിത്സ പിഴവാണ് രജിത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്.

മൂന്നുതവണ ചികിത്സക്ക് ചെന്നിട്ടും, എക്സ്റേ ഉൾപ്പെടെ എടുത്തിട്ടും രജിത്തിന്റെ വാരിയെലിന്റെയും നട്ടെലിന്റെയും പൊട്ടൽ കണ്ടെത്താൻ മെഡിക്കൽ കോളജ് ചികിത്സയിൽ സാധിച്ചില്ല. 15 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചികിത്സാപിഴവ് മനസിലാക്കുന്നത്. അന്ന് തന്നെ രജിത്ത് മരണപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ ചികിത്സ പിഴവും ചൂണ്ടി കാട്ടിയിട്ടുണ്ട്. ആയതിനാൽ മേൽ വിഷയങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കണം, ഒപ്പം ഒന്നരയും അഞ്ചും വയസുള്ള കുഞ്ഞുങ്ങളുടെ ഭാവി വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരുമെന്ന് നേതാക്കൾ പറയുന്നു. 

Tags:    
News Summary - protest against Chief Minister in Kilimanoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.