തിരുവനന്തപുരം: ധന കമീഷൻ ശിപാർശകളിൽ കേരളം വലിയ പ്രതീക്ഷയർപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള കമീഷൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയപ്പോൾ സംസ്ഥാന ധനസ്ഥിതി പ്രതിസന്ധി കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നു. വിഴിഞ്ഞമടക്കം അദ്ദേഹം സന്ദർശിച്ചിരുന്നു. കേന്ദ്രബജറ്റിന് പിന്നാലെ റിപ്പോർട്ട് പാർലമെന്റിൽ വെക്കുമെന്നാണ് വിവരമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിനു മുന്നോടിയായി മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15–ാം ധനകമീഷൻ ശുപാർശകൾ കേരളത്തിന് കടുത്ത ആഘാതമായിരുന്നു. കേന്ദ്ര വിഹിതം പകുതിയായി വെട്ടിക്കുറച്ച് 1.92 ആയി. ഇതുണ്ടാക്കിയ പ്രയാസം ചെറുതല്ല. കടമെടുപ്പ് പരിധി കുറച്ചതും ഗ്രാന്റുകളിലെ കുറവും പുറമേ ഭീമമായ കേന്ദ്രകുടിശ്ശികയും ഉണ്ടായിട്ടും മുന്നേറാനായി. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധം നിലനിൽക്കെയാണ് അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്.
അഞ്ചു വർഷത്തിനിടയിലെ ആറാമത്തെ ബജറ്റാണ് 29ന് അവതരിപ്പിക്കുന്നത്. ട്രഷറി പൂട്ടുമെന്നായിരുന്നു പ്രചാരണം. അതൊക്കെ അതിജീവിച്ചു. ബജറ്റിൽ വയോജനങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ പെൻഷൻ വർധനവും മുന്നിലുണ്ട്. കോവിഡ് കാലത്താണ് സർക്കാർ അധികാരത്തിൽവന്നത്. അഞ്ചുവർഷത്തിൽ മൂന്നുവർഷക്കാലം മാത്രമേ ശരിക്ക് ശ്വാസം വിട്ട് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു. രണ്ട് വർഷം കോവിഡ് കൊണ്ടുപോയി. അതേസമയം പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി പരിഷ്കരണമെന്ന പേരിൽ നിരക്കുകൾ വെട്ടിക്കുറച്ചതിന്റെ ഗുണം ജനങ്ങൾക്ക് ലഭ്യമായില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കമ്പനികൾക്ക് നേട്ടമുണ്ടായിട്ടുണ്ട്. നേരത്തെയും ഇതുതന്നെയായിരുന്നു അനുഭവം. ജി.എസ്.ടിയിലെ കേന്ദ്രസർക്കാരിന്റെ തീരുമാനത്തോട് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ അവർക്ക് രാഷ്ട്രീയമായി യോജിക്കാനേ കഴിയുമായിരുന്നുള്ളു -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.