ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി. ഗോപിനാഥന്‍ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും പത്മശ്രീ ജേതാവുമായ പി. ഗോപിനാഥന്‍ നായർ (99) അന്തരിച്ചു. വാർധക്യസഹജമായ അസുഖംമൂലം ഏറെനാളായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി 8.45ഓടെ ഹൃദയാഘാതത്തെതുടർന്നായിരുന്നു മരണം. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിൽ എം. പത്മനാഭപിള്ളയുടെയും കെ.പി. ജാനകിയമ്മയുടെയും മകനായി ജനിച്ച ഗോപിനാഥൻ നായർ വിദ്യാഭ്യാസ കാലത്തുതന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽകണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു.

യൂനിവേഴ്സിറ്റി കോളജിലെ പഠനകാലം മുതൽ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു. ഗാന്ധിയൻ സന്ദേശവുമായി രാജ്യത്തുടനീളം സഞ്ചരിച്ചു. സംസ്ഥാനത്ത് മാറാട് കലാപത്തിലും ദേശീയതലത്തിൽ സിഖ്-ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി അദ്ദേഹമെത്തി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബ ഭാവെയുടെ പദയാത്രയിൽ പങ്കെടുത്തിരുന്നു. മാറാട് കലാപത്തിൽ സംസ്ഥാന സർക്കാറിന്‍റെ മധ്യസ്ഥനായി അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി നിയോഗിച്ചതും ഗോപിനാഥൻ നായരെയാണ്.

2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കഴിഞ്ഞമാസം വീട്ടിൽവെച്ചുണ്ടായ വീഴ്ചയിൽ തലക്ക് ക്ഷതമേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. മൂന്നുവർഷമായി നെയ്യാറ്റിൻകരയിലെ നാരായണീയം വീട്ടിലായിരുന്നു താമസം. ഭാര്യ: എൽ. സരസ്വതിയമ്മ. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Tags:    
News Summary - Prominent Gandhian and freedom fighter Gopinathan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.