വിരമിച്ചവർക്ക് പ്രഫസർ പദവി: തീരുമാനത്തിലുറച്ച് കാലിക്കറ്റ്

കോഴിക്കോട്: വിരമിച്ച കോളജ് അധ്യാപകർക്ക് മുൻകാലപ്രാബല്യത്തോടെ പ്രഫസർ പദവി നൽകാനുള്ള തീരുമാനത്തിലുറച്ച് കാലിക്കറ്റ് സർവകലാശാല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് പ്രഫസർ പദവി നൽകാൻ നൂറോളം അധ്യാപകർക്ക് ആനുകൂല്യം നൽകുന്നതായി പരാതിയുയർന്നിരുന്നു.

സംഭവത്തിൽ കഴിഞ്ഞദിവസം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറോട് വിശദീകരണം തേടിയിരുന്നു. നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചതിൽ ഉറച്ച് നിൽക്കുന്നതായുള്ള മറുപടി ഗവർണർക്ക് സമർപ്പിക്കാനും ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

മറ്റ് പ്രധാന തീരുമാനങ്ങൾ:

  • അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തും. ചോദ്യക്കടലാസ് ഓണ്‍ലൈനായി നല്‍കുന്നതിന് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും. ചോദ്യക്കടലാസ് ഒന്നിന് നാല് രൂപ വീതം കോളജുകള്‍ക്ക് അനുവദിക്കും. ഓണ്‍ലൈന്‍ ചോദ്യക്കടലാസ് ഇനത്തിലെ ചെലവിന്റെ രസീത് ഹാജരാക്കുന്ന മുറക്ക് പണം അനുവദിക്കും.
  • വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തിന്റെ ഭൂമി സര്‍വകലാശാലക്ക് വിട്ടുകിട്ടാന്‍ സര്‍ക്കാരിനെ സമീപിക്കും.
  • ദേശീയപാത സ്ഥലമേറ്റെടുപ്പിന് ശേഷം കാമ്പസ് ഭൂമിയുടെ ലാന്‍ഡ്സ്‌കേപ്പിങ്ങിനും റിങ് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഊരാളുങ്കല്‍ സഹകരണ സംഘത്തെ ചുമതലപ്പെടുത്തി.
  • ഉത്തരക്കടലാസ് കാണാതായ വിഷയത്തിൽ കെ. ഷീന എന്ന വിദ്യാർഥിനിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള കോടതി വിധിയിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരെന്ന് കണ്ടെത്തി അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യാൻ രജിസ്ട്രാർ ചുമതലപ്പെടുത്തി. വിദ്യാർഥിനിക്ക് നഷ്ടപരിഹാരം തനത് ഫണ്ടിൽ നിന്ന് നൽകും.
  • സർവകലാശാല ഗാർഡനിൽ ഒഴിവുള്ള 13 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തോട് പ്രതിപക്ഷ അംഗം ഡോ. റഷീദ് അഹമ്മദ് വിയോജിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മാറ്റിവെക്കുന്നത് തൊഴിലില്ലാത്ത യുവാക്കളുടെ കാണിക്കുന്ന വഞ്ചനയാണെന്ന് റഷീദ് അഹമ്മദ് പറഞ്ഞു.
  • ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ. ഹാരിസ് കോടമ്പുഴക്കെതിരായ ലൈംഗികാരോപണ വിവാദത്തിൽ അദ്ദേഹം കുറ്റവാളിയാണെന്ന കണ്ടെത്തൽ സിൻഡിക്കേറ്റ് അംഗീകരിച്ചു. തുടർ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. 2021 ജൂലൈ മാസത്തിൽ ഡോ. ഹാരിസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
  • ഡോ. ശ്രീകല മുല്ലശ്ശേരി ഗവേഷണ പ്രബന്ധം കോപ്പിയടിച്ചെന്ന ഡോ. ആൻസി ബായിയുടെ പരാതി തള്ളി കൊണ്ടുള്ള സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട് അംഗീകരിച്ചു.
  • കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരത്തിൽ നടത്തുന്ന കാര്യം പരിശോധിക്കും. അന്തിമ തീരുമാനമെടുക്കാൻ വി.സിയെ ചുമതലപ്പെടുത്തി. സ്വാശ്രയ കോളേജ് വിദ്യാർഥികളുടെ വോട്ടവകാശ റദ്ദാക്കാനുള്ള ഭരണഘടന ഭേദഗതി ഇത്തവണ നടപ്പാക്കില്ല.
  • ബി.എഡ് കോഴ്സ് കാലാവധി ദീർഘിപ്പിച്ച തീരുമാനം റദ്ദാക്കി. ഏപ്രിൽ അവസാനത്തിൽ കോഴ്സുകൾ തീരുന്ന രൂപത്തിൽ ക്ലാസ് ഷെഡ്യൂൾ ചെയ്യും.
  • വിദൂര വിദ്യാഭ്യാസ യു.ജി, പി.ജി രജിസ്ട്രേഷന് വീണ്ടും അവസരം നൽകാൻ യു.ജി.സിയോട് ആവശ്യപ്പെടും.
  • തൃശ്ശൂർ പ്രജ്യോതി നികേതൻ കോളേജിലെ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജിയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കും. സർവകലാശാല സിലബസ് അനുസരിച്ച് അധ്യായനം നടത്താത്തതാണ് കാരണം.
  • ബി.എഡ് സെൻസറുകളിൽ പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും.
Tags:    
News Summary - Professor status for Retired teachers Calicut university stands on decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.