പിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: ലോക്സഭ പ്രോടേം സ്പീക്കർ നിയമനത്തിൽ മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. പാർലമെന്ററി ജനാധിപത്യ മര്യാദകളും സഭയിലെ കീഴ്വഴക്കങ്ങളും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ബി.ജെ.പിക്ക്. കഴിഞ്ഞ ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷകക്ഷിയിൽപെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ലെന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബി.ജെ.പി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടിക്കുന്നിലിന് പ്രോടേം സ്പീക്കര്‍ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.ദലിത് വിഭാഗക്കാരനെ പ്രോടേം സ്പീക്കറാക്കാത്ത നടപടി ബി.ജെ.പിയും സംഘ്പരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടിവരും. ജനങ്ങള്‍ തിരിച്ചടി നല്‍കിയിട്ടും ജനാധിപത്യത്തെയും ഭരണഘടനയെയും ബി.ജെ.പിയും മോദിയും അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ല. കൊടിക്കുന്നില്‍ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബി.ജെ.പിയുടെ അവഗണനയും അവഹേളനവുമാണെന്ന് സതീശൻ പറഞ്ഞു.
കൊടിക്കുന്നിലിനെ തഴഞ്ഞ മോദി സർക്കാറിന്‍റെ നടപടി ഏകാധിപത്യ സ്വഭാവം തുറന്നുകാട്ടുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇഷ്ടക്കാരനായ ഒരാളെ പ്രോടേം സ്പീക്കറാക്കിയത് മോദി സർക്കാർ പ്രതിപക്ഷത്തെ ഭയപ്പെട്ട് തുടങ്ങിയെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിലിന് പ്രോടെം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യത എന്താെണന്ന് വ്യക്തമാക്കണം. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള അര്‍ഹതപോലും അദ്ദേഹത്തിനില്ലേ. ദലിത് വിഭാഗത്തില്‍നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും ചോദിച്ച വേണുഗോപാല്‍, പ്രോംടേം സ്പീക്കര്‍ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.