കല്‍പ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വെള്ളാർമല സ്കൂളിലെ വിദ്യാർഥികളെ അഭിനന്ദിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. വയനാട് ഉരുൾദുരന്തത്തിൽ തകർന്ന സ്കൂളാണിത്. പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്ക എക്സ് പോസ്റ്റിലൂടെ ആശംസകൾ നേർന്നു. ഉരുള്‍പൊട്ടല്‍ ദുരന്ത സമയത്ത് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് പ്രത്യേക അനുമോദനവും പ്രിയങ്ക അറിയിച്ചു.
“എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും ആശംസകൾ. 100 ശതമാനം വിജയം നേടിയ വെള്ളാർമല സ്കൂളിനും അഭിനന്ദനം. വയനാട്ടിലെ ദുരന്തമുഖത്തുനിന്ന് മുത്തശ്ശിയെ രക്ഷിച്ച മുഹമ്മദ് ഹാനിക്ക് എസ്.എസ്.എൽ.സി വിജയത്തിന് പ്രത്യേക അഭിനന്ദനം. ഈ വിജയം നമുക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ വിജയിക്കാൻ കഴിയാതെ പോയ കുട്ടികള്‍ ഇത് അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്” -പ്രിയങ്ക എക്സിൽ കുറിച്ചു.
വയനാടിലെ വെള്ളാര്‍മല വി.എച്ച്.എസ്.എസിൽനിന്ന് പരീക്ഷ എഴുതിയ 55 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫലപ്രഖ്യാപനത്തിനു ശേഷം വിദ്യാര്‍ഥികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. 99.5 ശതമാനം പേരാണ് ഇത്തവണ പരീക്ഷയിൽ വിജയിച്ചത്. 69,449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 2331 സ്കൂളുകളിൽ 100 ശതമാനം വിജയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.