കൊച്ചി: കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ ഭൂമികളുടെ ഉടമയെ കണ്ടെത്താൻ കാത്തുനിൽക്കാതെ പൊതുശല്യമായിക്കണ്ട് നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് ഹൈകോടതി. കാടു വളർന്ന് വിഷപ്പാമ്പുകളുടെ താവളമാകുന്നതിന് കാഴ്ചക്കാരായി തദ്ദേശ സ്ഥാപനങ്ങൾ മാറരുത്. അപകടകരമായ സാഹചര്യമുണ്ടായാൽ ഉടമയെ കാത്തിരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽ നിന്ന് വിഷ ജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പാമ്പുകടിയേറ്റുള്ള മരണവാർത്തകൾ പതിവാകുന്നത് ഹൃദയഭേദകമാണെന്ന് കോടതി നിരീക്ഷിച്ചു. ജനവാസമേഖലകളിലെ കാടുമൂടിയ പറമ്പുകൾ പാമ്പുകളുടെ പ്രജനന കേന്ദ്രങ്ങളാണ്. ഇത് ശല്യത്തിനപ്പുറം ജീവന് ഭീഷണിയാണ്.
നിയമത്തിന്റെ സങ്കീർണതയേക്കാൾ സാമാന്യ ബുദ്ധിക്കാണ് ഇവിടെ മുൻഗണന. കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾ പ്രകാരം ഇത്തരം ശല്യങ്ങൾ നീക്കാൻ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്. പഞ്ചായത്ത് സ്വന്തം നിലക്ക് കാട് വെട്ടണം. ഇതിനുള്ള ചെലവ് പിന്നീട് ഉടമയിൽനിന്ന് ഈടാക്കാം. ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
വീടിനോട് ചേർന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പറമ്പിന്റെ ഉടമയെ കണ്ടെത്താത്തതിനാൽ നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചത്. ഈ വാദം തള്ളിയ കോടതി പത്ത് ദിവസത്തിനകം കാട് വെട്ടിത്തെളിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.