അന്നം കൊടുക്കാത്തവന് അന്നം മുടക്കാൻ അവകാശമില്ല -ബിനോയ് വിശ്വം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോറിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അപക്വമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യു.ഡി.എഫ് സർക്കാറിന്റെ നയമാണെന്നാണ് മന്ത്രി പറയുന്നത്. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവരെ തടയുന്നത് ഒരു നയമായി സ്വീകരിക്കുന്ന സർക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ അന്നം മുടക്കുന്നത് ഒരു നയമായി സ്വീകരിച്ച മറ്റൊരു സർക്കാറിനെയും കണ്ടിട്ടില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.

നമ്മുടെ നാട്ടിൽ വിശക്കുന്നവന് അന്നം നൽകുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത നിരവധി പ്രസ്ഥാനങ്ങളുണ്ട്. അവരിൽ പലരും ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇടപെടൽ നിരവധി മനുഷ്യർക്ക് ആശ്വാസം പകരുന്നുണ്ട്. എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളെല്ലാം മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിക്കുന്നുണ്ട്. പൊതിച്ചോർ വാങ്ങാനെത്തുന്നവരോ അത് തയാറാക്കി നൽകുന്നവരോ ഇതിൽ രാഷ്ട്രീയം കാണുന്നില്ല.

സേവനതൽപരരായ ചെറുപ്പക്കാരുടെ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് പൊതിച്ചോർ വിതരണം. മഴയത്തും വെയിലത്തും ആഘോഷ ദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങൾ മാറ്റി വെച്ച് വീടുകയറി ഭക്ഷണ പൊതികൾ ശേഖരിച്ച് ആശുപത്രികൾക്ക് മുന്നിൽ, കാത്തു നിൽക്കുന്നവർക്ക് സ്നേഹപൂർവം വിതരണം ചെയ്യുകയെന്നത് ശ്രമകരമായ പ്രവർത്തനമാണ്. യുവജന സംഘടന പ്രവർത്തനത്തിന്റേയോ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റേയോ അനുഭവമുള്ള ഒരു പൊതുപ്രവർത്തകനും ഈ സന്നദ്ധ പ്രവർത്തനത്തെ തള്ളിപ്പറയാനാകില്ല.

വിശപ്പിന് രാഷ്ട്രീയമില്ല, ആശുപത്രികളിൽ രോഗികളായും കൂട്ടിരിപ്പുകാരായും എത്തുന്ന മനുഷ്യരുടെ വിശപ്പിന് പരിഹാരം കാണാൻ സർക്കാറിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു. അതിനെക്കുറിച്ച് ആലോചിക്കും എന്നാണ് മന്ത്രി പറയുന്നത്. ആലോചനപോലും തുടങ്ങും മുമ്പ് നിലവിലുള്ളതിനെ ഇല്ലാതാക്കാൻ എന്തിന് ഇങ്ങനെ വ്യഗ്രത കാണിക്കുന്നു. അന്നം കൊടുക്കാത്തവന് അന്നം മുടക്കാൻ അവകാശമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡി.വൈ.എഫ്‌.ഐ വര്‍ഷങ്ങളായി നടത്തുന്ന പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സര്‍ക്കാറിനും ആരോഗ്യമന്ത്രിക്കും ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു രാഷ്ട്രീയ പരിഗണനയും ഇല്ലാതെ ചികിത്സ തേടുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇതെന്നും അതില്‍ രാഷ്ട്രീയത്തിന്റെ വിഷം കലക്കാന്‍ മനുഷ്യത്വമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ച് നടക്കുന്ന പൊതിച്ചോര്‍ വിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പാണ് തിരക്കുപിടിച്ച് നിരോധിക്കുന്നതെന്നും ഇതു കൊണ്ട് എന്തു നേട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യമേഖല സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ അതിന് പരിഹാരം കാണാതെ മനുഷ്യര്‍ക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ രണ്ടുമാസം കൊണ്ട് പകര്‍ച്ചവ്യാധികളില്‍നിന്ന് 150 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

വിവിധ ജില്ലകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത് ഗുരുതരമായ 20 ചികിത്സ പിഴവുകളാണ്. ഷിഗല്ല വ്യാപനം മാത്രം മുന്‍കാലത്തേക്കാള്‍ 10 ഇരട്ടിയിലേറെയായി. ഈ ഘട്ടത്തിലും ഡോക്ടര്‍മാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണ്. എന്നിട്ടും പൊതിച്ചോര്‍ വിതരണം പോലെ ജനോപകാരപ്രദമായ പ്രവര്‍ത്തനം ആശുപത്രികളില്‍ നിരോധിക്കാനാണ് സര്‍ക്കാറിന് തിടുക്കം. ഇവര്‍ക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സര്‍ക്കാരിനെ നയിക്കേണ്ടത്. വിശക്കുന്നവന് ആഹാരം നല്‍കുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ജനാധിപത്യ സര്‍ക്കാറിന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - He who does not give food has no right to withhold food - Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.