ഡി.വൈ.എഫ്‌.ഐ പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നതിൽ സര്‍ക്കാറിന് എന്ത് നേട്ടം ? -പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡി.വൈ.എഫ്‌.ഐ വര്‍ഷങ്ങളായി നടത്തുന്ന പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സര്‍ക്കാറിനും ആരോഗ്യമന്ത്രിക്കും ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു രാഷ്ട്രീയ പരിഗണനയും ഇല്ലാതെ ചികിത്സ തേടുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇതെന്നും അതില്‍ രാഷ്ട്രീയത്തിന്റെ വിഷം കലക്കാന്‍ മനുഷ്യത്വമില്ലാത്തവര്‍ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും പങ്കെടുപ്പിച്ച് നടക്കുന്ന പൊതിച്ചോര്‍ വിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പാണ് തിരക്കുപിടിച്ച് നിരോധിക്കുന്നതെന്നും ഇതു കൊണ്ട് എന്തു നേട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യമേഖല സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ അതിന് പരിഹാരം കാണാതെ മനുഷ്യര്‍ക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ രണ്ടുമാസം കൊണ്ട് പകര്‍ച്ചവ്യാധികളില്‍നിന്ന് 150 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്തത് ഗുരുതരമായ 20 ചികിത്സ പിഴവുകളാണ്. ഷിഗല്ല വ്യാപനം മാത്രം മുന്‍കാലത്തേക്കാള്‍ 10 ഇരട്ടിയിലേറെയായി. ഈ ഘട്ടത്തിലും ഡോക്ടര്‍മാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളില്‍ മരുന്നുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സ്ഥിതിയാണ്. എന്നിട്ടും പൊതിച്ചോര്‍ വിതരണം പോലെ ജനോപകാരപ്രദമായ പ്രവര്‍ത്തനം ആശുപത്രികളില്‍ നിരോധിക്കാനാണ് സര്‍ക്കാറിന് തിടുക്കം. ഇവര്‍ക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സര്‍ക്കാരിനെ നയിക്കേണ്ടത്. വിശക്കുന്നവന് ആഹാരം നല്‍കുക എന്നത് മനുഷ്യത്വമാണ്. അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ജനാധിപത്യ സര്‍ക്കാറിന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്നും കഴിഞ്ഞദിവസം പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല എന്നതോടൊപ്പം തന്നെ പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാറിന്റെ താൽപര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ല എന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളജിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ചിലർ സ്ഥലം കൈയേറിയിരുന്നു. ഇതിനാലാണ് നേരത്തെ പരാമർശം നടത്തിയത്. കമ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടു പോകും. ഇതിൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. സി.പി.എം നേതാക്കൾ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം. സർക്കാർ ആശുപത്രി പരിസരങ്ങളിൽ കൊടിയും ബാനറും സ്ഥാപിച്ചുള്ള പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞത്. മന്ത്രിയുടെ വിലക്ക് പൂർണമായി തള്ളി വിതരണവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചപ്പോൾ, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. ഡി.വൈ.എഫ്.ഐക്ക് പിന്തുണയുമായി സി.പി.എം നേതാക്കളും എത്തി. മന്ത്രിയെ വിമർശിച്ച് ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Pinarayi Vijayan asks what benefit the government and the Health Minister will get from banning the distribution of DYFI's fake packages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.