കള്ളനോട്ട് കണ്ടെത്താൻ പ്രാഥമിക സംഘങ്ങളിലും സംവിധാനം; വൈദഗ്ധ്യം കുറവ് പോസ്​റ്റ് ഓഫിസുകളിൽ

തൃശൂർ: ജില്ലാ സഹകരണ ബാങ്കുകളിൽ കള്ളനോട്ട് കണ്ടെത്താൻ സംവിധാനമില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുമ്പോൾ കേരളത്തിലെ വലിയൊരു വിഭാഗം പ്രാഥമിക സഹകരണ ബാങ്കുകളിൽപോലും ഇതിന് സംവിധാനമുണ്ടെന്ന് ഈ മേഖലയിലുള്ളവർ. ജില്ലാ ബാങ്കുകളിൽ പഴയതും പുതിയതുമായ യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ പ്രാഥമിക ബാങ്കുകളിൽ വലിയൊരു വിഭാഗം പഴയ യന്ത്രങ്ങൾ മാറ്റി പുതിയവ വാങ്ങുകയാണ്.

അസാധു കറൻസി മാറ്റാൻ സഹകരണ മേഖലക്ക് അധികാരം നൽകാത്തതിന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലെ പ്രധാന വാദം കള്ളനോട്ടുമായി ബന്ധപ്പെട്ടായിരുന്നു. കള്ളനോട്ട് കണ്ടെത്താൻ ജില്ലാ ബാങ്കുകളിൽ സംവിധാനമില്ലെന്ന വാദം തെറ്റാണെന്നു മാത്രമല്ല, ജീവനക്കാർക്ക് വൈദഗ്ധ്യമില്ലെന്ന പരാമർശം റിസർവ് ബാങ്കിനെത്തന്നെ തള്ളിപ്പറയുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാസ്​തവത്തിൽ, അസാധു നോട്ടുകൾ വ്യാപകമായി ഒഴുകിയെത്തിയ പോസ്​റ്റ് ഓഫിസുകളാണ് ഇക്കാര്യത്തിൽ ഏറെ പിന്നിലുള്ളത്.

പഴയ മാതൃകയിലുള്ള അൾട്രാ വയലറ്റ് ലൈറ്റ് യന്ത്രമാണ് പ്രാഥമിക ബാങ്കുകളിൽ ഉള്ളതെങ്കിലും ജില്ലാ ബാങ്കുകളിൽ ഇതിെൻറ പുതിയ മാതൃകയിലുള്ള യന്ത്രവുമുണ്ട്. നോട്ടെണ്ണാനും കള്ളനോട്ട് തിരിച്ചറിയാനും സംവിധാനമുള്ളതാണ് ഇത്. ഇതിനു പുറമെയാണ് മുറ തെറ്റാതെ നടക്കുന്ന പരിശീലനങ്ങൾ. ജില്ലാ ബാങ്ക് ജീവനക്കാർക്ക് റിസർവ് ബാങ്കിൽനിന്നും നബാർഡിൽനിന്നും വിഗദ്ധർ എത്തിയാണ് കൃത്യമായ ഇടവേളകളിൽ കള്ളനോട്ട് തിരിച്ചറിയലിന് ഉൾപ്പെടെ പരിശീലനം നൽകുന്നത്.

ഇതിനു പുറമെ തിരുവനന്തപുരം മൺവിളയിലുള്ള സംസ്​ഥാന സഹകരണ ബാങ്കിെൻറ കേന്ദ്രത്തിലും കണ്ണൂർ പറശ്ശിനിക്കടവിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെൻറിലും ജില്ലാ ബാങ്ക് ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്. ജില്ലാ ബാങ്ക് ജീവനക്കാരാണ് പ്രാഥമിക ബാങ്ക് ജീവനക്കാരെ പരിശീലിപ്പിക്കുന്നത്.

പോസ്​റ്റ് ഓഫിസുകളിലെ സ്​ഥിതി നേരെ മറിച്ചാണ്. ഹെഡ് പോസ്​റ്റ് ഓഫിസുകളിൽ മാത്രമെ  നോട്ടെണ്ണാനും കള്ളനോട്ട് തിരിച്ചറിയാനും  യന്ത്രമുള്ളൂ. ഗ്രാമീണ പോസ്​റ്റ് ഓഫിസ്​ മുതൽ സബ് പോസ്​റ്റ് ഓഫിസുകളിൽവരെ ഇതില്ല. മാത്രമല്ല, പോസ്​റ്റ് ഓഫിസ്​ ജീവനക്കാർക്ക് കള്ളനോട്ട് തിരിച്ചറിയാനുള്ള പരിശീലനവും നൽകുന്നുമില്ല. ഈ സാഹചര്യത്തിലാണ് സഹകരണ മേഖലക്ക് നിഷേധിച്ച കറൻസി മാറ്റ അധികാരം പോസ്​റ്റ് ഓഫിസുകൾക്ക് നൽകിയത്. കോടിക്കണക്കിന് രൂപയാണ് പോസ്​റ്റ് ഓഫിസുകളിലൂടെ എത്തിയത്. സീരിയൽ നമ്പറും കൊടുത്തയാളുടെ പേരും എഴുതിവെച്ചാണ് ഹെഡ് പോസ്​റ്റ് ഓഫിസുകളിലൊഴികെ ഇത് സ്വീകരിച്ചത്. സബ് പോസ്​റ്റ് ഓഫിസുകൾ മുഖേന ഇത് ഹെഡ് പോസ്​റ്റ് ഓഫിസുകളിൽ എത്തിച്ചശേഷം കള്ളനോട്ട് പരിശോധന അപ്രായോഗികവുമായിരുന്നു. 

Tags:    
News Summary - primary institutes has system to find fake note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT