ഉമർ ഫൈസിയെ തള്ളി സമസ്​ത; വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുതെന്ന്​ ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്​: സംസ്​ഥാന സർക്കാറിനെ പിന്തുണച്ച്​ സംസാരിച്ച ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്​ത​ കേരള ജംഇയ്യത്തുൽ ഉലമ. സമസ്​തയുടെ നിലപാട്​ പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്​ പ്രസിഡന്‍റ്​ മുഹമ്മദ്​ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്​താവനയിൽ പറഞ്ഞു.

ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ തൃപ്​തിയുണ്ടെന്നും സർക്കാറി​ന്‍റെ ചില നിലപാടുകളിൽ അതൃപ്​തി ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മുസ്​ലിം സമൂഹത്തിന്​ നൽകുന്ന പിന്തുണ മറക്കാനാകില്ലെന്നുമാണ്​ സമസ്​ത മുശാവറ അംഗം ഉമർ ഫൈസി മുക്കം കഴിഞ്ഞദിവസം പറഞ്ഞത്​. കേരള പര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി കോഴിക്കോട്​ നടത്തിയ പരിപാടിക്ക്​ ശേഷമായിരുന്നു ഇത്​.

ഇതിന്​ പിന്നാലെയാണ്​ സമസ്​തയുടെ നിലപാട്​ പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന പ്രസ്​താവനയുമായി സമസ്​ത പ്രസിഡന്‍റ്​ രംഗത്തെത്തിയത്​. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുതെന്നും സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡ​േന്‍റാ ജനറല്‍ സെക്രട്ടറിയോ അറിയിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്ന് മാധ്യമ സ്ഥാപനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ല. സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. എന്നാല്‍ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡ​േന്‍റാ ജനറല്‍ സെക്രട്ടരിയോ അറിയിക്കും. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്- അദ്ദേഹം പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.