താമരശ്ശേരി: പുതുപ്പാടിയിൽ ലഹരിക്കടിമപ്പെട്ട മകൻ പെറ്റുമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ 25കാരന്‍റെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി വൈദ്യപരിശോധന നടത്തി. കൊല്ലപ്പെട്ട അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയുടെ (52) പോസ്റ്റുമോർട്ടം പൂർത്തിയായി.
ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. തലയിൽ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയക്കുശേഷം വീട്ടിൽ കിടപ്പിലായിരുന്നു സുബൈദ. അസുഖത്തെ തുടർന്ന് സഹോദരിയുടെ കട്ടിപ്പാറ വേനക്കാവിലെ വീട്ടിലായിരുന്നു താമസം. ആഷിഖ് അടുത്ത വീട്ടിൽ പോയി തേങ്ങ പൊളിക്കാനെന്നു പറഞ്ഞ് കൊടുവാൾ വാങ്ങി കൊണ്ടുവന്ന് സുബൈദയുടെ കഴുത്തിന് വെട്ടുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്. വീടിനകത്താകെ രക്തം തളംകെട്ടി കിടക്കുന്ന നിലയിലായിരുന്നു. ഈ സമയം ആഷിഖ് മറ്റൊരു മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. നാട്ടുകാർക്കുനേരെ കൊടുവാളുമായി ഭീഷണി മുഴക്കിയെങ്കിലും പിടികൂടി കെട്ടിയിട്ടു. ഈ സമയത്താണ് കുറ്റബോധം തെല്ലുമില്ലാതെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഷിഖ് പറഞ്ഞത്.
കൊടുവാൾ കഴുകി വൃത്തിയാക്കി തെളിവു നശിപ്പിച്ചിരുന്നു. താമരശ്ശേരി പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.